പൂത്തുലഞ്ഞു സൂര്യകാന്തി ശോഭയാണ് ഗുണ്ടൽപേട്ട് എന്ന നാടിന് . കേരളത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടക ഗ്രാമം. പേര് പോലെ തന്നെ ആര്‍ക്കും പെട്ടന്ന് ഒരു ഊഹവും കൊടുക്കാത്ത ജണ്ടുമല്ലിപ്പാടങ്ങളാൽ അലങ്കരിക്കപ്പെടുന്ന നാട്. കണ്ണെത്താദുരത്തോളം പരന്നുകിടക്കുന്ന പൂപ്പാടങ്ങളും പച്ചക്കറികൃഷിയുംകൊണ്ട് വര്‍ണാഭവും ഹരിതാഭവുമായ കര്‍ഷക ഗ്രാമമാണിത്. വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ മൈസൂരിലേക്കുള്ള യാത്രകളില്‍ ആദ്യം വരവേല്‍ക്കുന്ന തനിനാടന്‍ കന്നഡ ഗ്രാമം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി-ബാംഗളൂര്‍ റൂട്ടിലൂടെയാണ് ഗുണ്ടല്‍പ്പേട്ടയിലേക്കു പോകാനാവുക. വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 212 ലൂടെ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്താം.
യാത്രയുടെ തുടക്കംമുതല്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ മനോഹാരിത നുകരാം. പകുതിയാവുമ്പോള്‍ നാഗര്‍ഹോള വന്യജീവി സങ്കേതത്തിന്റെ സൗന്ദര്യവും നുകര്‍ന്ന് മൂന്നു ചെക്ക് പോസ്റ്റുകളും കടന്ന് ഈ ഗ്രാമത്തില്‍ പ്രവേശിക്കാം. ഒരറ്റത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഗോപാല്‍പേട്ട മലയുടെ താഴ് വരയിലാണ് ഈ ഗ്രാമം .പലതവണയായുള്ള യാത്രകളിലെല്ലാം ഇത്തരത്തില്‍ മിന്നിമാഞ്ഞുപോയ ഈ ഗ്രാമത്തിന്റെ വശ്യതകളില്‍ ഒരിക്കല്‍ സൗകര്യപൂര്‍വ്വം കുറച്ച് സമയം ചെലവഴിക്കണം എന്ന് ആരും ആശിച്ചുപോകും. ഓരോ കാലത്തും ഇവിടുത്തെ ആകാശത്തിനെന്നപോലെ കൃഷിയിടത്തിനും പല നിറമാണ്. സൂര്യകാന്തിയും കടുകും വിളയുമ്പോള്‍ മഞ്ഞപ്പാടം. നിലക്കടല വിളയുമ്പോള്‍ ചാരനിറം, പച്ചപുതയ്ക്കുന്ന പച്ചക്കറിപാടങ്ങള്‍ ഇതിന്റെ ഇടവേളകളിലെല്ലാം ചുവന്ന മണ്ണിന്റെ വലിയ ക്യാന്‍വാസും അതിനിടയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും.
തമിഴും കന്നടയും സംസാരിക്കുന്ന കര്‍ഷകരാണിവിടെയുള്ളത്. ഓണം സീസണിനോടനുബന്ധിച്ചുള്ള മൂന്നുമാസം ഗുണ്ടല്‍പ്പേട്ട പൂക്കളുടെ നിറശോഭയണിയും. ചെണ്ടുമല്ലിപ്പൂക്കളും സൂര്യകാന്തിയും ജമന്തിയുമാണ് കൂടുതലും കൃഷിചെയ്യുക. വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി. ഈ സീസണില്‍ സന്ദര്‍ശകരുടെ തിരക്ക് ഇവിടെ വര്‍ധിക്കും. സിനിമാ, ആല്‍ബം ചിത്രീകരണങ്ങളുടെ ഇഷ്ട ലൊക്കേഷനും ഗുണ്ടല്‍പ്പേട്ടതന്നെ. സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന ഓണക്കാലത്ത് തന്നെയാണ് ഈ നാട്ടില്‍ വിരുന്നുകാരുടെ തിരക്കുമുഴുവനും. ഒരു പകലുമുഴുവനും സൂര്യനെ മാത്രം നോക്കി സൂര്യകാന്തിപൂക്കള്‍ ചാഞ്ഞും ചെരിഞ്ഞു ചിത്രം വരയ്ക്കുമ്പോള്‍ ഈ പൂപ്പാടങ്ങളുടെ തീരത്ത് തിരക്കിന്റെ നേരമാകും.നേരം വെളുത്ത തുടങ്ങിയാല്‍ പിന്നെ ഇരുള്‍ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കര്‍ഷകര്‍ക്ക് പൂപ്പാടങ്ങള്‍ ഒരുക്കാനുള്ള വിത്തുകളും കമ്പനികള്‍ നല്‍കും.പകരം പൂവ് നല്‍കണമെന്നാണ് കരാര്‍. വിലയെല്ലാം സാധാരണ പോലെ തന്നെ.
പിന്നീട് പച്ചക്കറിയുടെ സീസണാണ്. കരിമ്പ് മുതല്‍ തക്കാളിയും വെണ്ടയും പയറും മുളകും ഉള്ളിയും തുടങ്ങി ഇവിടെ ലഭിക്കാത്ത കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഇല്ലെന്നും പറയാം. പച്ചക്കറികള്‍ വഴിയോരത്തുനിന്നുംയാത്രക്കാര്‍ക്ക് വാങ്ങാം. പാടങ്ങള്‍ക്കു നടുവില്‍ ജലസേചനാര്‍ഥമുള്ള വലിയ തടാകമുണ്ട്. അഭൗമമായ സൗന്ദര്യകാഴ്ചകളാണ് ഗുണ്ടല്‍പ്പേട്ട ഒരുക്കിവെക്കുന്നത്. ഗോപാല്‍പേട്ട മലയുടെമുകളിലുള്ള ക്ഷേത്രത്തിലേക്കും നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. ഇതിന്റെ താഴ്‌വരയിലൂടെ കാട്ടുകള്ളന്‍ വീരപ്പന്‍ വിലസി നടന്ന സത്യമംഗലം വനത്തിലേക്കും പോകാം. ഗുണ്ടൽപേട്ടിൽ നിന്നൊരു വട്ടം വരച്ചാൽ അതു സ്പർശിക്കുന്നതൊക്കെ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് എന്നതു ശ്രദ്ധേയം. അതിൽ മൈസൂരു, ബന്ദിപ്പൂർ നാഷനൽ പാർക്ക്, ഗോപാലസ്വമിബേട്ട, മുതുമലൈ നാഷനൽ പാർക്ക്, കാടിനു നടുവിലെ മറ്റൊരു ക്ഷേത്രമുൾക്കൊള്ളുന്ന ബിലിഗിരി രംഗനാഥസ്വാമി കുന്ന് (ബിആർ ഹിൽസ്), അടുത്തുള്ള സുന്ദരമായ വെള്ളച്ചാട്ടം ശിവനസമുദ്ര എന്നിവ ചില ഉദാഹരണങ്ങൾ മാത്രം