എത്ര നടിമാർ വന്നുപോയാലും മലയാളികളുടെ മനസ്സിൽ ശോഭനയ്ക്കുള്ള സ്ഥാനം വേറെ ആർക്കും ലഭിക്കില്ല. 80 ലാണ് ശോഭന അഭിനയരംഗത്തേക്ക് കടന്നുവന്നത്. വളരെ പെട്ടെന്ന് തന്നെ മുൻനിര നായികയായി മാറുകയും ചെയ്തു. മണിച്ചിത്രത്താഴിലെ അവിസ്മരണീയമായ പ്രകടനം ഇന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ഇന്നും അതിലെ അഭിനയത്തിന്റെ പേരിൽ ശോഭനയെ തേടി പ്രശംസ വാക്കുകളെ എത്താറുണ്ട്.
സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ശോഭന. മോഹൻലാലിനൊപ്പമുള്ള ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രത്തിലും ശോഭന അഭിനയിക്കുന്നെന്ന് റിപ്പോർട്ടുണ്ട്.
മലയാള സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ശോഭന തമിഴിൽ ഇന്നും ഓർക്കപ്പെടുന്നത് ദളപതിയിലെ അഭിനയത്തിനാണ്. അഭിനയ പ്രാധാന്യമുള്ള നിരവധി സിനിമകളാണ് ശോഭനയെ തേടിയെത്തിയത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ നടി തയ്യാറായിരുന്നില്ല. തമിഴും തെലുങ്കിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം ശോഭന തകർത്ത് അഭിനയിച്ചു. മുമ്പൊരിക്കൽ രജനികാന്തിനൊപ്പം ഉള്ള അനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ശിവ എന്ന സിനിമയിലെ അനുഭവമാണ് ശോഭന പങ്കുവെച്ചത്. രജിനി സർ പക്കാ ജെന്റിൽമാനാണ്. സിനിമയിൽ ആദ്യം ഒരു മഴ സീനാണ് എടുത്തു. ട്രാൻസ്പരന്റായ വെള്ള സാരിയാണ്. ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലേ എന്ന് ചോദിച്ചു. വീട്ടിൽ പോയി വരാനും സമയമില്ല. കുറച്ച് സമയത്തിനുള്ളിൽ സീൻ എടുക്കും. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകം പോലെ എനിക്ക് തോന്നി. എനിക്ക് ഒരു ഉത്തരവാദിത്വമുണ്ട്. കാരണം ഇത് വലിയ പ്രൊഡക്ഷനാണ്. നമ്മളെക്കൊണ്ട് ഷൂട്ട് വൈകരുത്. എന്തുചെയ്യുമെന്ന് ആലോചിച്ചു.
എവിഎം സ്റ്റുഡിയോയിൽ പ്ലാസ്റ്റിക്കിന്റെ ടേബിൾ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് ഞാൻ അടിപ്പാവാടയ്ക്ക് ഉള്ളിൽ ധരിച്ചു. പത്ത് മിനുട്ടിനുള്ളിൽ റെഡിയായി. സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞു. രജനി സർ എന്നെ കൈയിൽ എടുത്തു. എടുത്തപ്പോൾ പ്ലാസ്റ്റിക്കിന്റെ ശബ്ദം കേട്ടു. അദ്ദേഹത്തിന്റെ മുഖ ഭാഗം ഇപ്പോഴും എനിക്കോർമയുണ്ട്. എനിക്ക് പേടിയായി. അദ്ദേഹം പോയി പറഞ്ഞാലോ. പക്ഷെ അദ്ദേഹം ആരോടും ഇത് പറഞ്ഞില്ലെന്നും ശോഭന ഓർത്തു.
ഷോട്ടിൽ ഒപ്പമുള്ള അഭിനേതാക്കളെ കംഫർട്ടബിളാക്കാൻ രജിനികാന്ത് ശ്രദ്ധിക്കാറുണ്ടെന്നും ശോഭന അന്ന് വ്യക്തമാക്കി. തുടരെ സിനിമകൾ അഭിനയിച്ച് വന്നിരുന്ന ശോഭന 90 കളുടെ അവസാനത്തോടെയാണ് സിനിമാ രംഗത്ത് സജീവമല്ലാതായത്. നൃത്തത്തിലേക്ക് താരം പൂർണ ശ്രദ്ധ നൽകി. ഏറെക്കാലത്തിന് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ നടി അഭിനയിച്ചു.