ചണ്ഡിഗഡ്: ഹരിയാന എംഎൽഎ കിരൺ ചൗധരിയും മകളും മുൻ എംപിയുമായ ശ്രുതി ചൗധരിയും കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഇരുവരും നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കാത്തതാണ് രാജിക്കുള്ള കാരണമെന്നാണ് സൂചന. ഹരിയാനയിലെ തോഷം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു കിരൺ.
“ഹരിയാനയിൽ കോൺഗ്രസ് പാർട്ടിയെ വ്യക്തിപരമായി ഭരിക്കുകയാണ് . ഇത് വളരെ ദൗർഭാഗ്യകരമാണ്, എന്നെപ്പോലെ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുടെ ശബ്ദങ്ങൾക്ക് ഇടം നൽകാതെ, ആസൂത്രിതവും വ്യവസ്ഥാപിതവുമായ രീതിയിൽ ഗൂഢാലോചന നടത്തുന്നു. അവർക്കെതിരെ. നമ്മുടെ ജനങ്ങളെ പ്രതിനിധീകരിക്കാനും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഞാൻ എപ്പോഴും നിലകൊള്ളുന്നു,” കിരൺ ചൗധരി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ 11മണിയ്ക്ക് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇരുവരും ബി.ജെ.പിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുമെന്ന് ഇരുവരും സൂചന നല്‍കിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭിവാനി-മഹേന്ദ്രഗഡ് മണ്ഡലത്തിൽ നിന്ന് ശ്രുതി ചൗധരിക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നു. റാവു ദൻ സിംഗിനാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയത്. കിരൺ ഇതിനെ എതിർക്കുകയും ടിക്കറ്റ് വിതരണം കൃത്യമായി നടത്തിയിരുന്നെങ്കിൽ കോൺഗ്രസിന് ഇവിടെ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നുവെന്നും പറഞ്ഞിരുന്നു.