Automobile

ലോകത്തിലെ ആദ്യത്തെ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി ബൈക്ക് ! ബജാജ് സിഎന്‍ജി ബൈക്ക് ജൂലൈ അഞ്ചിന്

ലോകത്തിലെ ആദ്യത്തെ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി ബൈക്ക് ജൂലൈ 5 ന് അവതരിപ്പിക്കാന്‍ പ്രമുഖ കമ്പനിയായ ബജാജ് ഓട്ടോ ഒരുങ്ങുന്നു. ഇന്ത്യയിലെ മുന്‍നിര ത്രീ-വീലര്‍ സിഎന്‍ജി വാഹന നിര്‍മ്മാതാക്കളും ബജാജ് ഓട്ടോയാണ്. ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട ഔദ്യോഗിക പേരോ സ്‌പെസിഫിക്കേഷനുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും ബൈക്കില്‍ 100സിസിക്കും 125സിസിക്കും ഇടയിലുള്ള എന്‍ജിന്‍ ആവാനാണ് സാധ്യത. എന്‍ട്രി ലെവല്‍ ബൈക്കില്‍ എന്‍ജിനുമായി ബന്ധിപ്പിച്ച് കൊണ്ട് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണിയില്‍ സമാനമായ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുകളേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും സിഎന്‍ജിക്ക് ഉണ്ടാവുക.

സിഎന്‍ജി മോട്ടോര്‍സൈക്കിളിന് നീളമുള്ള സീറ്റ്, വ്യത്യസ്തമായ ടാങ്കും ഷാസിയും എന്നിവ ഉണ്ടായിരിക്കുമെന്നാണ് സൂചന. ടാങ്കും സിഎന്‍ജി സിലിണ്ടറുകളും ഉള്‍ക്കൊള്ളുന്നതിനായി പ്ലാറ്റ്‌ഫോം വന്‍തോതില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഏകദേശം 85,000 രൂപ(എക്‌സ്-ഷോറൂം) ആണ് പ്രതീക്ഷിക്കുന്ന വില. ജൂലൈ അഞ്ചിന് ബജാജിന്റെ പുനെ പ്ലാന്റില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കും.