തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് സിപിഐഎം. ഇടതു സർക്കാരിന്റെ ഭരണത്തിനെതിരെ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നു. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമർശനമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ല. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും പാർട്ടി റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സിപിഐഎം വിലയിരുത്തി. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്.
സംസ്ഥാന സർക്കാരിനെയും സ്വന്തം മന്ത്രിയെയും സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവും ഇന്ന് വിമർശിച്ചു. തിരഞ്ഞടുപ്പ് ഫലം സർക്കാർ പരാജയമാണെന്നതിന് ഉദാഹരണമാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ ഉയർന്ന വിമർശനം. സ്വന്തം മന്ത്രി ജി ആർ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടവരും. നല്ലതെന്ന് പറയാൻ ഒരു മന്ത്രി പോലുമില്ലെന്നും ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും കഴിഞ്ഞ ദിവസം വിമര്‍ശനമുണ്ടായിരുന്നു. ന്യൂനപക്ഷപ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നു. പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലിൽ വിമർശനമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം നീങ്ങുകയാണ്. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍.