റെക്കോർഡ് ചൂടിന് ആശ്വാസമായി മക്കയില്‍ മഴയെത്തി. തിങ്കളാഴ്ച റെക്കോർഡ് ചൂടാണ് പകൽ മക്കയിൽ അനുഭവപ്പെട്ടത്. രാവിലെ 11 നാം വൈകിട്ട് നാലിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഹാജിമാർക്ക് കർശന നിർദേശം നൽകിയിരുന്നു.
ഇതിനിടെയാണ് ഹാജിമാർക്ക് ആശ്വാസമായി മഴ എത്തിയത്. കുറച്ച് സമയത്താണെങ്കിലും മഴ പെയ്തത് ചൂടിന് വലിയ ശമനമാണ് ഉണ്ടാക്കിയത്. പലരും മഴ നനഞ്ഞ് കൊണ്ടാണ് മസ്‌ജിദുൽ ഹറമിൽ ത്വവാഫ് നിർവഹിച്ചത്. മിനയിലും മഴ നനഞ്ഞ് കൊണ്ട് വിശ്വാസികൾ ജംറകളിൽ കല്ലെറിഞ്ഞു.
ഈ ഹജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം മക്കയിലും മിനയിലും രേഖപ്പെടുത്തിയത്. മിനയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയും മക്കയിൽ 51.8 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തിയിരുന്നു.