കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ (15,000 ഡോളർ) ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമമായ അൽ ഖബസാണ് റിപ്പോർട്ട് ചെയ്തത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്‍ബിടിസി കമ്പനി മാനേജ്മെന്റ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിക്കുകയും ചെയ്തിരുന്നു.