മ്യൂണിക്ക്: യൂറോ കപ്പിലെ ആവേശപ്പോരില്‍ ജോര്‍ജിയയെ വീഴ്ത്തി തുര്‍ക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് തുര്‍ക്കി സ്വന്തമാക്കിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കളംവാണ മത്സരത്തില്‍ നിര്‍ഭാഗ്യം ജോര്‍ജിയയുടെ വിജയം തടയുകയായിരുന്നു. ജോര്‍ജിയയുടെ പല ഗോള്‍ശ്രമങ്ങളും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കി തുര്‍ക്കി വിജയം പിടിച്ചെടുത്തു.
മെർറ്റ് മുൽദൂർ (25ാം മിനിറ്റിൽ), അർദ ഗുലെർ (65), കെരീം അക്തുർകോഗ്ലു (90+7) എന്നിവരാണ് തുർക്കിയക്കായി വലകുലുക്കിയത്. ജോർജിയയുടെ ആശ്വാസ ഗോൾ ജോർജ് മിക്കോട്ടഡ്സെയുടെ വകയായിരുന്നു.
കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമും ആക്രമണം അഴിച്ചുവിട്ടു. ആര്‍ദ ഗുലെറും ഒര്‍ക്കുണ്‍ കൊക്കുവും കെനാന്‍ യില്‍ഡിസും യില്‍മാസും ചേര്‍ന്ന് തുടര്‍ച്ചയായി ജോര്‍ജിയന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും പ്രതിരോധം ഉറച്ചുനിന്നു. 25ാം മിനിറ്റിൽ മെർറ്റ് മുൾദൂറിന്‍റെ കിടിലൻ വോളി ഗോളിലൂടെ തുർക്കിയയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനു പുറത്തുനിന്നുള്ള താരത്തിന്‍റെ വലങ്കാൽ വോളി പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് റോക്കറ്റ് വേഗതയിൽ പറന്നിറങ്ങുമ്പോൾ ജോർജിയയുടെ ഗോൾ കീപ്പർ ജോർജി മമർദാഷ്വിലി നിസ്സഹായനായിരുന്നു.
അഞ്ചു മിനിറ്റിനുള്ളിൽ ജോർജിയ മത്സരത്തിൽ സമനില പിടിച്ചു. ബോക്സിന്‍റെ വലതുമൂലയിൽനിന്ന് ജോർജി കൊഷോരാഷ്വിലി നൽകിയ ക്രോസ് ജോർജ് മിക്കോട്ടഡ്സെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 25 വാര അകലെ നിന്നുള്ള അർദ ഗുലറിന്‍റെ ഇടങ്കാൽ ബുള്ളറ്റ് ഷോട്ടാണ് ജോർജിയൻ ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ ടോപ് കോർണറിലേക്ക് തുളച്ച് കയറിയത്. കാൻ അയ്ഹനാണ് ഗോളിന് വഴിയൊരുക്കിയത്.
ഇൻജുറി ടൈമിൽ ജോർജിയക്ക് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും ഗോളിൽ എത്തിക്കാനായില്ല. തൊട്ടുപിന്നാലെ ജോർജിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ ഗോൾ കീപ്പറും തുർക്കിയയുടെ ബോക്സിലെത്തി. ഈ അവസരം മുതലെടുത്താണ് കെരീം അക്തുർകോഗ്ലു തുർക്കിയക്കായി മൂന്നാം ഗോൾ നേടുന്നത്.