ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായതിനു പിന്നാലെ ദർശന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍.
ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസിൽനിന്ന് ഒഴിവാക്കണമെന്ന് ശ്രീധർ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധർ മരിച്ചതോടെ, ദർശൻ ഉൾപ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നു.
സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. സംഭവത്തിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് പവിത്രയെയും അറസ്റ്റു ചെയ്തിരുന്നു. ദർശൻ ഏർപ്പെടുത്തിയ സംഘം ക്രൂരമർദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്. ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽനിന്നാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. 2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു.