വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നാളത്തെ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യും. മൂന്ന് ഡിസിസി പ്രസിഡന്റുമാരുടെ പ്രത്യക യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. യോഗത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ പങ്കെടുക്കും.
വയനാട് മണ്ഡലത്തിലെ എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ദീപാ ദാസ് മുൻഷിയും ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും. വയനാട് മണ്ഡലത്തിലെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിൻ്റെ ഉറച്ച സീറ്റായ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ചരിത്രത്തിലാദ്യമായി നെഹ്റു-ഗാന്ധി കുടുംബത്തിലെ മൂന്ന് പേർ പാർലമെൻ്റിൽ എത്തുന്നുവെന്ന സവിശേഷ സാഹചര്യവും ഉണ്ടാവും. നിലവിൽ രാജ്യസഭാംഗമാണ് സോണിയ ഗാന്ധി. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന. ഇതിന് പുറമെയാണ് പ്രിയങ്ക ഗാന്ധി കൂടി പാർലമെൻ്ററി ജനാധിപത്യത്തിലേക്ക് എത്തുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികാരം നേടാനായില്ലെങ്കിലും കോൺഗ്രസിന് പുത്തനുണർവ് നേടാനായിട്ടുണ്ട്. യുപിയിൽ ആറ് സീറ്റ് ജയിച്ച അവർക്ക് അമേഠി തിരികെ പിടിക്കാനായതും വലിയ ആത്മവിശ്വാസം നൽകുന്നു. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ വിജയവും അവർക്ക് ഉത്തേജനമാണ്. ഗാന്ധി കുടുംബം കേരളത്തെ കൈവിട്ടെന്ന വിമർശനങ്ങൾ എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ഉയരുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ.