ആലപ്പുഴ: സ്വന്തംകവിത സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച് മുൻ എം.പി. എ.എം. ആരിഫ്. ‘ഞാൻ അങ്ങനെ മിണ്ടാപ്രാണിയായി’ എന്നാണ് കവിതയുടെ തലക്കെട്ട്. “ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾക്ക് മുൻപ് കലാകൗമുദി വാരികയിൽ ഞാൻ എഴുതിയ ഒരു കവിതയാണ്.
തോറ്റു തുന്നം പാടിയിരുന്നപ്പോൾ ഒൻപത് വർഷങ്ങൾക്ക് മുൻപ് എഴുതിയ കവിതയ്ക്ക് എന്തോ കാലിക പ്രസക്തിയുണ്ടെന്നൊരു തോന്നൽ വന്നത് കൊണ്ട് അത് വീണ്ടും സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കണം എന്ന് തോന്നി. അതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു” എന്നാണ് ആമുഖമായി കുറിച്ചിരിക്കുന്നത്.
ഒരു മതവിഭാഗത്തിന്റെയും വികാരം വ്രണപ്പെടാതിരിക്കാൻ പലവട്ടം മിണ്ടാതിരുന്നിരുന്ന് മിണ്ടാപ്രാണിയായെന്നാണ് കവിതയുടെ ആശയം. മുസ്‌ലിംവികാരം, ഹിന്ദുവികാരം, ദളിത്‌വികാരം എന്നിവ വ്രണപ്പെടാതിരിക്കാൻ പലവട്ടവും താൻ ഒരക്ഷരം മിണ്ടിയില്ലെന്ന് കവി ആലങ്കാരികമായി കുറിക്കുന്നു.
‘ഓരോരോ ദൈവങ്ങളെയും മഹദ് വ്യക്തികളെയും
സ്വാർഥമോഹക്കാർ തട്ടിെക്കാണ്ടുപോകുന്നു.
ആരുടെയും വികാരം വ്രണപ്പെടാതിരിക്കാൻ
ഞാൻ ഒരക്ഷരം മിണ്ടിയതേയില്ല.
അപ്പോഴെല്ലാം ഞാൻകരുതി
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നോതിയ
ഗുരുദേവനുണ്ടല്ലോ രക്ഷിക്കാൻ.
ഇപ്പോഴിതാ കാണുന്നു, ഗുരുദേവനെയും തട്ടിക്കൊണ്ടുപോകുന്നു.
നായാടിമുതൽ നമ്പൂതിരിവരെ ഒന്നിപ്പിക്കാൻ
ഈഴവവികാരം വ്രണപ്പെടാതിരിക്കാൻ
ഞാൻ ഒരക്ഷരം മിണ്ടുന്നേയില്ല.
സ്വന്തം സ്വാർഥതയ്ക്കായി തട്ടിക്കൊണ്ടുപോയ
ദൈവങ്ങളെയെല്ലാം വിശ്വാസികൾക്കാരാധിക്കാനായി
തിരികെ നൽകണമെന്നു പറയാൻ
ഞങ്ങൾ മിണ്ടാപ്രാണികൾക്കാവില്ലല്ലോ…’ എന്നുപറഞ്ഞാണ് കവിത അവസാനിക്കുന്നത്.
അരൂർ എം.എൽ.എ.യായിരുന്നപ്പോൾ ആരിഫ് എഴുതിയതാണിത്. ബി.ഡി.ജെ.എസ്. രൂപംകൊണ്ട സമയമായിരുന്നു അത്. ചില സാഹചര്യങ്ങളോട് താനടക്കമുള്ളവർ വിമർശിക്കാതിരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തമെന്നും ആരെയെങ്കിലും ഉദ്ദേശിച്ചല്ലെന്നും ആരിഫ് പറഞ്ഞു.
ആലപ്പുഴയിൽ ആരിഫ് ഉചിതനായ സ്ഥാനാർഥിയായിരുന്നില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. പാർട്ടിക്കുകിട്ടേണ്ട ഈഴവസമുദായത്തിൽനിന്നുള്ള വോട്ട് ചോർന്നുപോയെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ കവിത ആരിഫ് പുറത്തുവിട്ടത്.