ഞണ്ട് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സ്‌പെഷ്യല്‍ ചേരുവകള്‍ ഉണ്ട്. അവയാണ് അതിനെ കൂടുതൽ സ്വാദിഷ്ടമാക്കുന്നത്. ഞണ്ട് അല്‍പം അപകടകാരിയാണെങ്കിലും തയ്യാറാക്കിയാല്‍ പാത്രം കാലിയാവുന്നത് അറിയില്ല. അത്രയധികം ടേസ്റ്റ് ആണ് ഞണ്ട് വിഭവങ്ങള്‍ക്ക്. ഇത്തവണ സ്‌പെഷ്യല്‍ കണ്ണൂര്‍ സ്റ്റൈല്‍ ഞണ്ട് മസാല തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ഞണ്ട് – ഒരുകിലോ
- മഞ്ഞള്‍പ്പൊടി – കാല്‍ടീസ്പൂണ്‍
- ഉപ്പ് – അല്‍പം
- മുളക് പൊടി – ഒരു ടീസ്പൂണ്‍
- എണ്ണ- വഴറ്റാന്‍
- പെരുംജീരകം – അരടീസ്പൂണ്‍
- സവാള – 3 എണ്ണം
- കറിവേപ്പില – പാകത്തിന്
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത്
- മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
- മല്ലിയില- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉളളിയും പച്ചമുളകും ഇട്ട് വഴറ്റിയെടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് അതിലേക്ക് ഇഞ്ചിയും തക്കാളിയും വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാവുന്നതാണ്. ശേഷം എല്ലാ മസാലകളും നല്ലതുപോലെ ചേര്‍ത്ത് വഴറ്റിയെടുക്കാം. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞ് അതിലേക്ക് ഞണ്ട് നല്ലതുപോലെ ചേര്‍ത്ത് മിക്‌സ് ചെയ്യുക. അതിന് ശേഷം വെള്ളമൊഴിക്കാതെ ഇത് നല്ലതുപോലെ വഴറ്റിയെടുക്കണം, അതിന് ശേഷം അടച്ച് വെച്ച് വേവിച്ചെടുക്കുക. അല്‍പം പോലും വെള്ളമൊഴിക്കേണ്ടതില്ല. 20 മിനിറ്റ് ശേഷം മല്ലിയിലയും പച്ച വെളിച്ചെണ്ണയും തൂവി വാങ്ങിവെക്കാവുന്നതാണ്.