Travel

ഇടുക്കിയുടെ മനോഹാരിത മൊത്തമായി ആവാഹിച്ചവൾ!!

കാന്തല്ലൂര്‍ എന്ന് കേൾക്കാത്ത ആരും തന്നെയില്ല. ഇടുക്കിയുടെ മനോഹാരിത മൊത്തമായി ആവാഹിച്ചവൾ. എന്നാൽ അറിയാത്ത പല കാര്യങ്ങൾ ഉണ്ട്.

ഉത്തരവാദിത്ത ടൂറിസം മിഷനും യു.എന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന ‘സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി’ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കാന്തല്ലൂര്‍.

ബെസ്റ്റ് ടൂറിസം വില്ലേജിനുള്ള ‘ഗോള്‍ഡ്’ അവാര്‍ഡും ഈ സുന്ദരിക്കാണ്.

 

മൂന്നാറില്‍ നിന്നും 48 കിലോമീറ്ററകലെ പച്ചപ്പും സസ്യ വൈവിധ്യങ്ങളും നിറഞ്ഞ കാന്തല്ലൂരിലേക്കെത്തുന്നത് നിരവധി പേരാണ്. പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്ന നിരവധി കുടുംബങ്ങളുടെ നാടാണ് കാന്തല്ലൂര്‍. മലിന ജലമോ മാലിന്യ കൂമ്പാരങ്ങളോ അമിതമായ പ്ലാസ്റ്റിക് വേസ്റ്റോ കാന്തല്ലൂരില്‍ തൊട്ടു തീണ്ടിയിട്ടില്ല. ഈ ശാന്തസുന്ദരമായ അന്തരീക്ഷമുള്ളതിനാല്‍ തന്നെ മൂന്നാറിലേക്കെത്തുന്ന യാത്രക്കാരില്‍ പലരും കാന്തല്ലൂരില്‍ സ്റ്റേ ചെയ്യാറുമുണ്ട്.കേരളത്തിലെ കാശ്‌മീർ എന്നാണ് ഇവിടം വിശേഷിക്കപ്പെടുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തിൽ ആപ്പിൾ ഉണ്ടാവുന്ന ഇടങ്ങളിൽ ഒന്നാണ്. അത് തന്നെയാണ് ഇവിടുത്തെ കാലാവസ്ഥയിലെ പ്രത്യേകത. നല്ല തണുത്ത കാലാവസ്ഥയിൽ മാത്രമേആപ്പിൾ ഉണ്ടാവുകയുള്ളൂ.

 

കൊച്ചിയില്‍ നിന്നോ സമീപ ജില്ലകളില്‍ നിന്നോ കാലത്ത് വളരെ നേരത്തെ പുറപ്പെടുന്നവര്‍ക്ക് കാന്തല്ലൂരില്‍ ഒരു ദിനം ചെലവിട്ട് ‘ഫ്രഷ് ‘ ആയി തിരിച്ചു പോകാം. മൂന്നാറില്‍ നിന്നും മറയൂര്‍ വഴിയും നേരെ ടോപ് സ്റ്റേഷന്‍ വഴിയും കാന്തല്ലൂരിലെത്താം. ഈ പ്രത്യേകമായ കാലാവസ്ഥ കാരണം, സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തിൽ മറ്റൊരിടത്തും കാണാത്ത വൈവിധ്യമാർന്ന വിളകളുടെ ആവാസ കേന്ദ്രമാണ് എന്നതും നിങ്ങൾ ഓർക്കണം. ആപ്പിളിനെ കൂടാതെ ഓറഞ്ച്, സ്ട്രോബെറി, ബ്ലാക്ക്‌ബെറി, പ്ലം, നെല്ലിക്ക, പീച്ച്, പാഷൻ ഫ്രൂട്ട് എന്നിവ ഉണ്ടാവും.

 

കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, പട്ടിശ്ശേരി ഡാം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി വ്യത്യസ്‌ത കാഴ്‌ചകൾ കാന്തല്ലൂരില്‍ സഞ്ചാരികൾക്കായി ഒരുങ്ങി നിൽപ്പുണ്ട്. പ്രകൃതി സുന്ദര ഗ്രാമമെങ്കിലും ഹോം സ്‌റ്റേ, റിസോര്‍ട്ട് എന്നിവയുണ്ട്. എന്നിരുന്നാലും കൂടുതല്‍ സഞ്ചാരികളും ടെന്റ് സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്.