നാടൻ ചായക്കടകളിൽ കിട്ടുന്ന കടലക്കറിക്ക് എന്തൊരു സ്വാദ് ആണല്ലേ… നാളികേരം ചേർക്കാതെ, സവാള വഴറ്റാത്ത കടലക്കറി. ഇത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ…
ചേരുവകൾ
കടല – രണ്ട് കപ്പ്
ഇഞ്ചി ചതച്ചത് – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ
പെരും ജീരകം – ഒന്നര ടേബിൾസ്പൂൺ
മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
ഗരംമസാല – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉണക്കമുളക് – ആറ് മുതൽ എട്ട് എണ്ണം
കറിവേപ്പില
ഉപ്പ്
തയാറാക്കുന്ന വിധം
കടല 6 മുതൽ 8 മണിക്കൂർ വരെ വെള്ളത്തിലിട്ട് കുതിർക്കുക. ഒരു കുക്കറിൽ കുതിർത്തു വച്ച് കടലയും ചതച്ചവെളുത്തുള്ളിയും ചതച്ച ഇഞ്ചിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. മിക്സിയുടെ ചെറിയ ജാറിയിൽ പെരും ജീരകം, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ നന്നായി പൊടിച്ചെടുക്കുക.
വേവിച്ചെടുത്ത കടലയിൽനിന്ന് അരക്കപ്പ് കടലയെടുത്തു മിക്സിയുടെ ജാറിൽ നന്നായി അരച്ച് മാറ്റി വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കുക. പിന്നീട് പൊടിച്ചെടുത്ത പൊടികൾ കൂടി ചേർത്ത് നന്നായി മൂപ്പിക്കുക. പൊടികൾ മൂത്ത് വന്നതിനു ശേഷം വേവിച്ച കടല ചേർക്കുക. ഇനി ഇതിലേക്ക് അരച്ചു വച്ച കടലയുടെ പേസ്റ്റും ആവശ്യത്തിന് ചെറു ചൂടുവെള്ളം ചേർത്ത് കറിയുടെ പാകത്തിൽ ആക്കുക. കുറച്ച് നേരം തിളപ്പിച്ച് എണ്ണ തെളിഞ്ഞു വന്നാൽ ഉപയോഗിക്കാം. പുട്ടിനു അപ്പത്തിനും ഇടിയപ്പത്തിനും നല്ല കോമ്പിനേഷൻ ആണ്.