Movie News

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന തെലുങ്കിലേക്ക്; കല്‍ക്കിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ‘കല്‍ക്കി 2898 എ.ഡി’യിലെ ശോഭനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മറിയം എന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. നേരത്തെ ശോഭനയുടെ കഥാപാത്രത്തെ സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.

പിന്നീട് ചിത്രത്തിന്റെ ട്രെയിലറിലൂടെയാണ് ശോഭന കല്‍ക്കിയില്‍ അഭിനയിച്ച വിവരം പുറത്ത് വന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് താരം ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാവുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കല്‍ക്കി 2898. ചിത്രം ജൂണ്‍ 27-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 അഉ വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.