കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ ഉള്ള സര്‍ക്കാരിന്റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (സെറ്റോ) ആഭിമുഖ്യത്തില്‍ നടന്ന നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവാനന്ദം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള ഗൂഢശ്രമമാണ്.
ഈ പദ്ധതിക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാര്‍ക്ക് പുതിയൊരു പദ്ധതിയുടെ ആവശ്യമെന്തെന്ന് പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജീവനക്കാരുടെ ആനുകൂല്യങ്ങളായി നല്‍കാനുള്ള 42000 കോടി രൂപ സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക തുക പോലും ഇതുവരെ നല്‍കിയിട്ടില്ല. നാല് ഗഡുക്കളായി നല്‍കും എന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ നല്‍കിയിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും അധികം ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാന കേരളമാണ്. ആറ് ഗഡുക്കളായി 19 ശതമാനമാണ് ഈ ഇനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ഉള്ളത്. അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ നല്‍കുന്നില്ല. ഈ തുക പി.എഫില്‍ ലയിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ അത് അക്കൗണ്ടില്‍ വരവ് വെച്ചിട്ടില്ല. ജീവനക്കാരുടെ 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഈ ഗവണ്‍മെന്റ് പിടിച്ചു വച്ചിരിക്കുന്നത്. അത് എപ്പോള്‍ നല്‍കും എന്ന് പറയാനുള്ള മര്യാദ പോലും കാണിക്കുന്നില്ല. കുടിശ്ശിക ഡി.എയില്‍ രണ്ട് ശതമാനം അനുവദിച്ചപ്പോള്‍ 39 മാസത്തെ അരിയര്‍ നിഷേധിച്ചു.
പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം യാഥാര്‍ത്ഥ്യമാകേണ്ട 2024 ജൂലൈ ഒന്നിന് പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ധൂര്‍ത്തുകള്‍ക്ക് പണം കണ്ടെത്തുന്നതില്‍ മുന്‍പന്തിയിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ മേഖലയില്‍ മാത്രമല്ല ക്ഷേമപെന്‍ഷന്‍ നല്‍കാനായി ഇന്ധന സെസ് ഏര്‍പ്പെടുത്തിയിട്ട് പോലും അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ ജീവനക്കാരുടെ വിഹിതം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നില്ല. അതില്‍നിന്നും ഒരു പങ്ക് സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്.
പ്രതിവര്‍ഷം 334 രൂപ വീതമാണ് ഓരോ ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ വക മാറ്റുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള ജനത ഒന്നടങ്കം ഈ ഗവണ്‍മെന്റിനെതിരെ വിധിയെഴുതിയിട്ടും ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച് നടക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ജനവിരുദ്ധത മുഖമുദ്രയാക്കിയ ഒരു ഭരണകൂടത്തില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്. ജീവാനന്ദം പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിനെ അനുവദിക്കില്ല. ഏകപക്ഷീയമായി ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.