Automobile

കുഷാക്കിനും സ്ലാവിയയ്ക്കും വില 10.69 ലക്ഷം രൂപ

തിരുവനന്തപുരം: കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാക്ക്, സ്ലാവിയ മോഡലുകള്‍ക്ക് ആകര്‍ഷകമായ വിലയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില. കൂടാതെ ചില മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നതിനുള്ള ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഈ മോഡലുകള്‍ക്ക് ഉണ്ട്. കുഷാക്കിന്റേയും സ്ലാവിയയുടേയും ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ വകഭേദങ്ങള്‍ ഇനി മുതല്‍ ക്ലാസ്, സിഗ്‌നേച്ചര്‍, പ്രസ്റ്റീജ് എന്നിങ്ങനെ അറിയപ്പെടും.

 

ഈ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം കുഷാക്കില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഓനിക്‌സ്, പ്രീമിയം വിഭാഗത്തില്‍ മൊണ്ടെ കാര്‍ലോ എന്നീ വേരിയന്റുകളിലും ലഭിക്കും. പുതിയ വില കുഷാക്കിന്റെ എല്ലാ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഒപ്ഷനുകള്‍ക്കും സ്ലാവിയയുടെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്കും ബാധകമാണ്. ഇരു വാഹനങ്ങളിലും സിക്‌സ് സ്പീഡ്, 1.0 ടിഎസ്‌ഐ പെട്രോള്‍ മാന്വല്‍, ഓട്ടോമാറ്റിക് എഞ്ചിനും 1.5 ടിഎസ്‌ഐ പെട്രോള്‍ സിക്‌സ് സ്പീഡ് മാന്വലും സെവന്‍ സ്പീഡ് ഡിഎസ്ജി എഞ്ചിനുകളുമാണ് വരുന്നത്. ഈ ശ്രേണിയിലെ എല്ലാ വേരിയന്റുകള്‍ക്കും ആറ് എയര്‍ബാഗുകളുടെ സുരക്ഷയും ഗ്ലോബല്‍ എന്‍കാപ് ടെസ്റ്റുകളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമുണ്ട്.

ആനുകൂല്യങ്ങള്‍

മോഡല്‍, വേരിയന്റ്, എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയുടെ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി 10 ശതമാനം വരെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പരമാവധി ആനുകൂല്യം കുഷാക്കിന്റെ പുതിയ പ്രീമിയം വേരിയന്റായ മോണ്ടെ കാര്‍ലോയിലാണ്. ഇപ്പോള്‍ ഇത് ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്. സ്ലാവിയ എന്‍ട്രി വേരിയന്റും വളരെ ആകര്‍ഷകമായ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വില പ്രകാരം രജിസ്‌ട്രേഷനിലും ഇന്‍ഷുറന്‍സിലും അധിക ഇളവുകളും ഉപഭോക്താക്കള്‍ക്ക് നേടാം.

സ്‌കോഡ ഓട്ടോ ഇന്ത്യ ഈയിടെയായി അതിന്റെ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിച്ചിരുന്നു. കൂടാതെ വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 25.4 സെന്റീമീറ്റര്‍ ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ഇന്റര്‍ഫേസ്, ബൂട്ടില്‍ സ്ഥാപിച്ച സബ്-വൂഫര്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇഷ്ടാനുസൃത ഓഫറുകള്‍

 

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മുന്‍ഗണനകള്‍ പ്രകാരം ഏറ്റവും അനുയോജ്യമായതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ് കുഷാക്കിലും സ്ലാവിയയിലും പുതിയ മൂല്യ വര്‍ധന വരുത്തിയിരിക്കുന്നത്. ആകര്‍ഷകമായ വില, ആഫ്റ്റര്‍ സെയിലല്‍ ഓഫറുകളും മെയിന്റനന്‍സ് പാക്കേജുകളും, മൂല്യ വര്‍ധിത സേവനങ്ങള്‍ എന്നിവയാണ് മൂന്ന് പ്രധാന ആകര്‍ഷണങ്ങള്‍.

കൂടാതെ എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ബോണസ് ഓപ്ഷനുകള്‍, ബാങ്കിംഗ് പങ്കാളികള്‍ മുഖേനയുള്ള പ്രത്യേക ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, ദീര്‍ഘകാല വാറന്റി, സര്‍വീസ്-മെയിന്റനന്‍സ് പാക്കേജുകള്‍ എന്നിവയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കുഷാക്കിനു ലഭിക്കുന്ന 19.76 കിലോമീറ്റര്‍, സ്ലാവിയയുടെ 20.32 കിലോമീറ്റര്‍ എന്നിങ്ങനെയുള്ള മികച്ച ഇന്ധനക്ഷമതയക്കൊപ്പം സുതാര്യത, വേഗത്തിലുള്ള സര്‍വീസ്, ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരണം എന്നിവയിലൂടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിലാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ശ്രദ്ധ.