കണ്ണൂർ: കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ വിവാദ പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സ്ഫോടനത്തിൽ മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ വൃദ്ധനല്ലേ എന്നായിരുന്നു പരാമർശം. ബോംബ് ഇനിയും പൊട്ടാൻ ഉണ്ട് എന്നിട്ട് പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു. എരഞ്ഞോളിയില്‍ വീട്ടുപറമ്പില്‍ തേങ്ങെയെടുക്കാനെത്തിയ 85-കാരന് ബോംബ് സ്ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തലശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് ബോംബ് പൊട്ടി മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന് മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സംഭവം ബുധനാഴ്ച നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിന് ചിഹ്നം പോയാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ടെന്നും ബോംബ് മതിയെന്നും സണ്ണി ജോസഫ് എം.എൽ.എ പരിഹസിച്ചു. ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നുനോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സഭയിൽ പറഞ്ഞിരുന്നു.