ലഡാക്ക്: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ബാരമുല്ലയിലെ റാഫിയാബാദ് മേഖലയിലാണ് ഏറ്റുമുട്ടൽ. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഭീകരരെ സഹായിച്ച ഒരാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
11 ദിവസത്തിനിടെ അഞ്ചാമത്തെ ഭീകരാക്രമണമാണ് ജമ്മു കശ്മീരിലുണ്ടാവുന്നത്. ഭീകരർ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. ആ സമയം ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഒളിച്ചിരിക്കുന്ന മറ്റ് ഭീകരരെ ഉടൻ തന്നെ പിടിക്കാൻ സാധിക്കുമെന്നും സൈന്യം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടല്‍ നടന്നത്. വെള്ളിയാഴ്ച യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.