കണ്ണൂര്‍: തലശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അപൂര്‍വം കൊലകളില്‍ ഒന്നാണ് ഇത്. സിപിഐഎമ്മിന്റെ ആക്രമണത്തില്‍ എത്ര ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മരിച്ചത് ചെറുപ്പക്കാരന്‍ അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ അവൻ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് തുടർന്ന് സംസാരിച്ചത്. അവന്‍ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ച് കൊന്ന ആളെത്ര. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതല്ലേ വെട്ടാനും കൊല്ലാനും എന്നായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.
ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍.
പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവോടെയെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല.