ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 9 പേർ മരിച്ചു. 40 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി പേരുടെ നിലഗുരുതരം. ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വ്യാജമദ്യ ദുരന്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ശക്തമായ നടപടിയുമായി സ്റ്റാലിൻ സർക്കാർ രംഗത്തെത്തി. കള്ളക്കുറിച്ചി ജില്ല കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലംമാറ്റി.
സ്ഥലം എസ്.പിയെയും പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. കൂടാതെ, അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാനും സർക്കാർ ഉത്തരവിട്ടു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും എക്‌സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.