ഹൃദയരാഗം
Part 1
അവസാനത്തെ ചോദ്യത്തിനും ഉത്തരം എഴുതി പേപ്പറിന്റെ ബാക്കിയുള്ള ഭാഗത്ത് നീട്ടി ഒരു വര കൊടുത്തിരുന്നു ദിവ്യ… പുറകിലേക്ക് നോക്കിയപ്പോൾ നീതു തകൃതിയായ എഴുത്താണ്, എന്താണാവോ ഇത്രയും എഴുതാനുള്ളത്….എങ്ങനെയെങ്കിലും പരീക്ഷ ഒന്ന് തീർന്നാൽ മതിയെന്ന് മാത്രമായിരുന്നു തൻറെ മനസ്സിൽ ഉണ്ടായിരുന്നത്….. ഇനി കുറച്ചു ദിവസത്തേക്ക് സ്വസ്ഥത ഉണ്ടല്ലോ, ഓണത്തിന് വേണ്ടി കോളേജ് അടയ്ക്കുകയാണ്, ആ സമാധാനമായിരുന്നു ദിവ്യയുടെ മുഖത്ത്….
അതോടൊപ്പം അക്കൗണ്ടൻസി പരീക്ഷയാണ് അവസാനത്തേത് എന്ന ആശ്വാസവും….. അത് ഇടയിൽ എങ്ങാനും വരികയാണെങ്കിൽ ബാക്കി വിഷയങ്ങൾ പഠിക്കാനുള്ള ഓർമ്മ പോലും പോകും….. അത്രയ്ക്ക് ദേഷ്യമാണ് ആ വിഷയത്തോട്, പേപ്പർ വാങ്ങാനുള്ള ബെല്ലടിച്ച്തോടെ ആദ്യം തന്നെ ദിവ്യ എഴുന്നേറ്റിരുന്നു, പേപ്പർ കൊടുത്തതിനുശേഷം നീതുവിന്റെ മുഖത്തേക്ക് നോക്കി അവൾ… അപ്പോഴും ടീച്ചറുടെ മുഖത്തേക്ക് നോക്കി അഞ്ചുമിനിറ്റ് എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്…. ഇതിനു മാത്രം ഇവൾക്ക് എന്താണ് എഴുതാനുള്ളത്….. കുറേസമയം ചുമ്മാതിരുന്നവൾ ആണ് ഇപ്പോൾ ബെല്ലടിക്കുന്ന സമയമായപ്പോൾ തകൃതിയായി എഴുത്തു തുടങ്ങിയത്…..
അവസാനം ടീച്ചറുടെ കയ്യിൽ പേപ്പറും കൊടുത്തൂ നീതു വരുന്നതും കാത്ത് ആ കോളേജിന്റെ വരാന്തയും നിൽക്കുകയായിരുന്നു ദിവ്യ…. ഇടയ്ക്കിടെ വാച്ചിലേക്ക് സമയം നോക്കുന്നുണ്ട്, അവൾ താമസിക്കുന്നടത്തോളം താമസിക്കട്ടെ എന്നു തന്നെയായിരുന്നു ദിവ്യയുടെ ഉള്ളിലും നിറഞ്ഞ ആഗ്രഹം…. എങ്കിൽ മാത്രമേ തന്റെ ഉദ്ദേശം നടക്കുകയുള്ളൂ, എത്രയും വൈകുന്നേരം ആകുന്നോ അത്രയും വൈകുന്നേരം ആയി വായനശാലയുടെ അരികിൽ കൂടി പോകുന്നതാണ് നല്ലത്…. എങ്കിൽ മാത്രമേ ഫുട്ബോൾ ഗ്രൗണ്ടും അവിടെ നിൽക്കുന്നത് കാണാൻ ആഗ്രഹിച്ച മുഖവും കാണാൻ സാധിക്കു, കുറച്ചുകഴിഞ്ഞ് നീതു അത്ര തെളിഞ്ഞത് അല്ലാത്ത മുഖത്തോടെ ഇറങ്ങി വന്നിരുന്നു….
” എന്തുവാടി….! വാടിയ മുഖത്തേക്ക് നോക്കി ചോദിച്ചു…. ” ഒന്നും അറിയില്ലായിരുന്നുഡി…. പിന്നെ അവസാനം ആയപ്പോഴാണ് എന്തെങ്കിലും ഒന്ന് ഋതു കാണിച്ചു തന്നത്, അത് നന്നായിട്ടോന്ന് എഴുതി വന്നപ്പോഴേക്കും പൂതന പേപ്പർ വാങ്ങിക്കൊണ്ടുപോയി…. വേദനയോടെ നീതു പറഞ്ഞു… ” എനിക്ക് പിന്നെ ആദ്യംമുതലേ ഒന്നും ഓർമ്മയിൽ വന്നില്ല, ആരും കാണിച്ചും തന്നില്ല…. അറിയാവുന്ന എന്തൊക്കെയൊ എഴുതി വച്ചിട്ടുണ്ട്….. ” ജയിക്കുമോടി…..
പേടിയോടെ നീതു ചോദിക്കുന്നുണ്ട്, ” ആവോ, ഇനി പത്ത് ദിവസം വരെ ടെൻഷൻ ഒന്നും വേണ്ടല്ലോ… ” ഹ്മ്മ്… നീ വാ ബസ്സ് പോയിക്കാണും, ” നമുക്ക് മഹാരാജയ്ക്ക് പോവാടി…. ദിവ്യ ഒന്ന് കിണുങ്ങി… ” അതെന്താ…? ” അപ്പോഴത്തേക്ക് ആള് വരും…. ” നിൻറെ ഒരു ഉണക്ക പ്രേമം നീതു ഒന്ന് ചിറികോട്ടി… ” പൊടി, അങ്ങനെ ഒന്നും പറയരുത്, എനിക്ക് സങ്കടം വരും…. ” എഡി പ്രേമിക്കുന്നെങ്കിൽ ഒന്നുകിൽ പറയാനുള്ള ധൈര്യം വേണം, അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിൽക്കരുത്…. ” പറയാനുള്ള ധൈര്യം ഒക്കെ ഉണ്ട്, പക്ഷേ പറയാൻ ഒരു മടി…. “കരണം പുകച്ചു ഒന്ന് കിട്ടോന്ന് ആണോ…? ” പൊടി…
” നിന്നോട് ഞാൻ പറഞ്ഞില്ലേ ഫ്ബിയിൽ പറയാൻ… ” അമ്മയുടെ ഫോണിൽ നിന്ന് അക്കൗണ്ട് എടുത്ത് മൂന്നുദിവസമായി റിക്വസ്റ്റ് അയച്ചിട്ട്, ഇതുവരെ അക്‌സെപ്റ്റ് ചെയ്തിട്ടില്ല…. ഞാൻ കുറെ മെസ്സേജ് അയച്ചിട്ടുണ്ട്, ഒന്നിനും നോ റെസ്പോൺസ്…. പിന്നെങ്ങനെ ഞാൻ പറയാ… ദിവ്യ നിരാശയോടെ ഷാളിൽ വിരൽ കൊരുത്തു പറഞ്ഞു… ” ശരിക്കും നിനക്ക് തുറന്നു പറയാൻ ധൈര്യമുണ്ടോ…. ” സത്യമായിട്ടും ഉണ്ട്…. ” എങ്കിൽ പുള്ളിയുടെ നമ്പർ ഒപ്പിച്ചു തരാം ഞാൻ … ” എങ്ങനെ ഒപ്പിച്ചു തരും…. നിനക്ക് ആൾടെ നമ്പർ അറിയോ…? ”
എനിക്കറിയില്ല പക്ഷേ എൻറെ ചേട്ടന് അറിയാം… ” ആണോ എന്നിട്ട് നീ പറഞ്ഞിട്ടില്ലല്ലോ…… ഞാനും കഴിഞ്ഞ ദിവസം ആണ് കാര്യമറിഞ്ഞത്, ചേട്ടൻ പുള്ളിക്കാരനും ആയി ഭയങ്കര ചങ്കാടി ഇപ്പോൾ… ” അപ്പൊൾ നമ്പർ കിട്ടുമോ…? ” കിട്ടും…. കഴിഞ്ഞ ദിവസം ചേട്ടനും ആളും കൂടി നിൽക്കുന്ന കണ്ടപ്പോഴാ ഞാൻ ചോദിച്ചത്… അപ്പോഴാണ് അറിഞ്ഞത്, ” പക്ഷേ എനിക്ക് പേടിയാവുന്നു… ഞാൻ വിളിച്ചു പറഞ്ഞിട്ട് എന്തെങ്കിലും എന്നെ വഴക്ക് പറഞ്ഞാലോ…? ” അങ്ങനെ വഴക്ക് പറയുമോ…? ” ഇല്ലായിരിക്കും അല്ലേ…? ” അങ്ങനെ നമുക്ക് വിശ്വസിക്കാം, എന്താണെങ്കിലും നീ പറഞ്ഞു നോക്കൂ…
നമ്മുടെ നാട്ടിൽ തന്നെ കുറെ പിടക്കോഴികൾക്ക് ഈ പുള്ളിയോട് ഒരു ക്രഷ് ഉള്ളതുകൊണ്ട് ഇനി വല്ല ലൈൻ ഉണ്ടോ എന്ന് അറിയില്ലല്ലോ….. ” നീ ഇങ്ങനെ എൻറെ ഹൃദയം തകർക്കുന്ന വാക്കുകൾ ഒന്നും പറയാതെ….. അങ്ങനെ വല്ലതും കാണൂമോ….? ” അത് അറിയാലോ വിളിച്ചു ചോദിക്കുമ്പോൾ…. നാളെത്തന്നെ ഞാൻ നിനക്ക് നമ്പർ കൊണ്ട് തരാം….. ” ശരി ” നീ എവിടെ നിന്ന് വിളിക്കും..? ” അമ്മയുടെ ഫോണിൽ… ” അത് വേണ്ട… തിരിച്ച് അങ്ങോട്ട് വിളിച്ചാൽ വീട്ടിൽ മനസ്സിലാവില്ലേ..? ” അത് ശരിയാ….. ”
ഒരു കാര്യം ചെയ്യാം നമുക്ക്, കോയിന് ബോക്സിൽ നിന്ന് വിളിക്കാം… അയ്യോ അത് ആരെങ്കിലും കണ്ടു അച്ഛനോട് മറ്റൊ പറഞ്ഞാലോ…? ” പിന്നെ എന്താ ചെയ്യാ… ” നിൻറെ ഫോണിൽ വിളിച്ചാലോ…? നഖം കടിച്ചു കൊണ്ട് ദിവ്യ ചോദിച്ചു…. ” അയ്യടി, എന്നിട്ട് വേണം ചേട്ടനോട് പറഞ്ഞു എനിക്ക് അടി കിട്ടാൻ…. ” പിന്നെ ഇപ്പോൾ നമ്മൾ എന്താ ചെയ്യാ…? ” നാളെ നീ പുസ്തകം എടുക്കാൻ ആണെന്ന് പറഞ്ഞു ഇറങ്ങിയാൽ മതി, നമുക്ക് അവിടെ കോയിൻ ബോക്സിൽ നിന്ന് വിളിക്കാം… അച്ഛൻ ഒന്നും കാണില്ല, നമുക്ക് നോക്കാം….
” അപ്പോൾ അങ്ങനെ ചെയ്യാല്ലേ…? അങ്ങനെ ഒരു സമാധാനത്തിൽ ആണ് ബസ്സിലേക്ക് കയറിയത്…. എല്ലാവരും കയറിയതിനു ശേഷമാണ് കോളേജ് കുട്ടികളെ ബസിലേക്ക് കയറ്റിയത്… അതുകൊണ്ടുതന്നെ കുറേനേരം അവിടെ നിന്നു, പിന്നെ ബസ്സിലേക്ക് കയറിയപ്പോൾ മുതൽ ചങ്ക് ഇടിക്കാൻ തുടങ്ങി…. യാത്രയിൽ ഉടനീളം ബസിലെ പ്രണയഗാനങ്ങൾ ആ ഒരുവനെ മാത്രം ഓർമിപ്പിച്ചു….. ഇടവഴിയിൽ നാമാദ്യം കണ്ടപ്പോൾ കുസൃതിയുമായ് മറഞ്ഞവനേ ……… ചിരിച്ചുടഞ്ഞൂ നിൻ കരിവളകൾ വെറുതേ നീ പിണങ്ങി നിന്നു ആ നിമിഷം പ്രിയ നിമിഷം അഴകേ…………
കവലയിൽ വരെ വണ്ടി പോകും എങ്കിലും വായനശാലയുടെ അവിടെ ഇറങ്ങി നീതുവിനോടൊപ്പം നടന്നാണ് പോകാറുള്ളത്… അതിന് പിന്നിലെ ഗൂഡ ഉദ്ദേശം ഫുട്ബോൾ ഗ്രൗണ്ടിൽ ആളുണ്ടാകും എന്നുള്ളതാണ്, എപ്പോഴും കാണാം വിയർത്തു കുളിച്ച് ഒരു ജേഴ്സിയും ആയി ഫുട്ബോൾ കളിച്ചുകൊണ്ടുള്ള ആ രൂപം…. പത്താം ക്ലാസിലെ സമയത്താണ് ആദ്യമായി ആളോട് ഇഷ്ടം തോന്നുന്നത്, കൂട്ടുകാരികൾക്ക് എല്ലാം പ്രണയമുണ്ടായിരുന്നു, അന്ന് തനിക്ക് അത് ഇല്ലാത്തത് വലിയൊരു നാണക്കേടായി തോന്നിയിരുന്നു….
ആ ഒരു വിഷമത്തിൽ നടന്നു വരുന്ന സമയത്താണ് ഒരിക്കൽ ഒരു പ്രായമായ വല്യമ്മയെ റോഡ് ക്രോസ് ചെയ്യാൻ സഹായിക്കുന്ന ആളെ കണ്ടത്, പിന്നെ ആ മുഖം പലവട്ടം കണ്ടു…. ഈ നാട്ടിൽ തന്നെയുള്ള ആളാണ് എന്ന് അറിഞ്ഞു, അന്നുമുതലാണ് ഒരു ഇഷ്ടം മനസ്സിലേക്ക് ചേക്കേറുന്നത്….ആ കാര്യം നീതുവിനോട് പങ്കുവച്ചപ്പോൾ ആയിരുന്നു അറിഞ്ഞത് ആൾക്ക് ജോലി ഒന്നുമില്ലെന്നും, ഡിഗ്രി കഴിഞ്ഞു എന്തൊക്കെയോ പഠിക്കുകയാണെന്നും ഒക്കെ,
പിന്നെ ആളുടെ അമ്മയെ പറ്റിയും നാട്ടിൽ ആർക്കും അത്ര നല്ല അഭിപ്രായങ്ങൾ ഒന്നും അല്ല ഉള്ളത്…. പണ്ട് എപ്പോഴൊക്കെയോ മോശം രീതിയിൽ നടന്ന സ്ത്രീയാണെന്നും പിന്നീട് രണ്ടാം വിവാഹം കഴിച്ച് നിൽക്കുകയാണെന്നും ഒക്കെയാണ് പറയുന്നത്,പക്ഷേ അപ്പോഴേക്കും ആ രൂപം മനസ്സിൽ മായ്ക്കാൻ പറ്റാത്ത അത്ര ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു… നാലു വർഷത്തോളം ഉള്ളിലുള്ള ഇഷ്ടം കൊണ്ടുനടന്നു…..
ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നി, ഇതിനിടയിൽ പലവട്ടം ആളെ കണ്ടു ഒരിക്കൽപോലും മുഖത്തേക്ക് പോലും നോക്കിയിട്ടില്ല…… പൊടിപറത്തി ബൈക്കിൽ സ്പീഡിൽ പോകുന്നത് കാണാം…. എപ്പോഴും മുഖത്തെ ഭാവം ഗൗരവമാണ്, വായനശാലയുടെ അരികിലേക്ക് നടന്നപ്പോൾ കാലുകൾക്ക് പതിവിലും വേഗതകൂടിയ പോലെ…. ഹൃദയം ക്രമാതീതമായി ഇടിക്കാൻ തുടങ്ങുന്നു….. വർധിച്ച ഹൃദയമിടിപ്പോടെ ആണ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് നോക്കിയത്, പക്ഷേ പ്രതീക്ഷിച്ച രൂപം അവിടെ ഉണ്ടായിരുന്നില്ല…..പെട്ടെന്ന് മുഖത്തെ ഉത്സാഹം മുഴുവൻ നഷ്ടമായി, വീണ്ടും ഓരോ മുഖങ്ങളിലും കണ്ണുകൾ പരതി നടന്നു….. തേടിയതിനെ മാത്രം കണ്ടിരുന്നില്ല….
ഏറെ വിഷമത്തോടെ നീതുവിന്റെ മുഖത്തേക്ക് നോക്കി…. ” എന്തെങ്കിലും തിരക്ക് വന്നു കാണും, അതാകും വരാത്തത്…. സാരമില്ല, നമുക്ക് നാളെ വിളിക്കാം…. ” ശരി… ” അങ്ങനെ അവളോട് പറയുമ്പോഴും ഒരു സന്തോഷം മുഖത്ത് ഉണ്ടായിരുന്നില്ല, നേരെ കവലയിലേക്ക് കയറി, നീതു യാത്ര പറഞ്ഞു പോയി……ഞാൻ അച്ഛന്റെ കടയിലേക്കും…. പലചരക്ക് സാധനങ്ങളും പച്ചക്കറിയും എല്ലാം ഉള്ള കടയാണ്…
ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ നേരെ കടയിലേക്ക് ആണ് കയറുക…. വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ അച്ഛൻ അത് അപ്പോൾ തന്നെ തന്നു വിടും, കടയിലേക്ക് കയറിയപ്പോൾ തന്നെ ചിരിയോടെ അച്ഛൻ അരികിൽ വന്നു…. എനിക്കായി കരുതിയിരുന്ന ഒരു പൊതികെട്ട് തന്നു…. അതിൽ വെട്ടുകേക്ക് ആയിരുന്നു…. ചില ദിവസം ഉഴുന്നുവടയൊ ബോണ്ടയോ അങ്ങനെ എന്തെങ്കിലും ആയിരിക്കും…. ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ എനിക്ക് ആയിട്ട് അച്ഛൻ കരുതി വയ്ക്കുന്നതാണ്….. പരീക്ഷ അതുകൊണ്ട് സമയം സന്ധ്യയോട് അടുക്കാൻ തുടങ്ങിയിരുന്നു,
പകലോൻ സാഗരത്തിന്റെ ആഴങ്ങളിൽ ഒളിക്കാൻ ധൃതി കൂട്ടുന്നു….. ചെമ്മാനം പൂത്തുതുടങ്ങി…. ചെറിയൊരു കവർ അച്ഛൻ കയ്യിൽ തന്നു…. ” കുറച്ചുമുമ്പ് വാങ്ങിയത് ആണ് കുറച്ചു മീൻ….. ചീത്തയാകും മുൻപ് അമ്മയുടെ കൈയ്യിൽ കൊടുത്തേക്ക്, വൈകിട്ട് മുളകിട്ട് കറി വയ്ക്കാൻ പറ….. രണ്ട് ചെണ്ടമുറിയനും പുഴുങ്ങിയേക്കാൻ പറ….
നിർദ്ദേശങ്ങൾ ഒന്നാകെ തരിക ആണ് അച്ഛൻ…. ” ശരി അച്ഛാ…. അച്ഛനോട് യാത്ര പറഞ്ഞു റോഡ് കഴിഞ്ഞ് ചെമ്മൺ പാതയിലേക്ക് കയറി, സന്ധ്യ സമയം ആയതുകൊണ്ട് തന്നെ അവിടെയും ഇവിടെയും ഒക്കെ ആയി സ്ട്രീറ്റ് ലൈറ്റുകൾ കാണാമായിരുന്നു, താഴേക്ക് നോക്കി നടക്കുന്നതിനിടയിലാണ് പരിചയമുള്ള ഒരു ബൈക്ക് ശബ്ദം കേട്ടത്…. വർദ്ധിച്ച ഹൃദയമിടിപ്പോടെ ഒന്ന് തലയുയർത്തി നോക്കിയപ്പോൾ കണ്ടു, ” ഷർട്ടിന്റെ മൂന്ന് ബട്ടൻസ് അഴിച്ചിട്ടു കാറ്റിലൂടെ അളകങ്ങൾ പാറി ശരീരത്തിലെ രോമാവൃതമായ രോമങ്ങൾ ഉലച്ചു കൊണ്ട് സ്ഥായിയായ ഗൗരവം ഭാവത്തോടെ ഒരു രൂപം മുന്നിലേക്ക് പാഞ്ഞു വരുന്നത്….. പതിവുപോലെ പ്രതീക്ഷയോടെ ഒന്നു നോക്കിയെങ്കിലും, ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ ആ വണ്ടി എന്നെ കടന്നു പോയിരുന്നു .
തുടരും
രചന : റിൻസി പ്രിൻസ്