ന്യൂഡൽഹി: 14 ഇനം വിളകൾക്ക് കേന്ദ്ര സർക്കാർ താങ്ങുവില വർധിപ്പിച്ചു. നെല്ലിന്റെ അടക്കം താങ്ങുവിലയിൽ വർധനയുണ്ടായിട്ടുണ്ട്. വൈകിട്ട് ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനം സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്നത്തെ മന്ത്രിസഭയില്‍ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ് ആരംഭിക്കുകയാണ്. അതിനായി 14 വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ അംഗീകരിച്ചു. നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇതില്‍ മുന്പത്തേക്കാള് 117 രൂപ വര്‍ധനവുണ്ട്’, അശ്വിനി വൈഷ്ണവ് പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം കോടി രൂപ താങ്ങുവിലയായി ലഭിക്കും. മുന്‍ സീസണുകളേക്കാള് 35,000 കോടി രൂപ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.
സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ നിലവിൽ 53.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ 1-ന് ആവശ്യമായതിൻ്റെ നാലിരട്ടിയും ഒരു വർഷത്തേക്ക് ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തവുമാണെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് നിർണായക സ്വാധീനമുള്ള ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. വിഷയത്തിൽ കർഷക സംഘടനകളുടെ പ്രതികരണമെന്തെന്നത് നിർണായകമാണ്.