Kerala

‘എൽഡിഎഫിൽ നിന്നിട്ട് ഗുണമില്ല, മുന്നണിമാറ്റം വേണം’; സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ ആവശ്യം

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫ് വിടണമെന്ന് സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ ആവശ്യം. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഐ. കേരളത്തിൽ എൽഡിഎഫിനൊപ്പം എന്തിന് തുടരണമെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചോദിച്ചു.

സി.പി.എമ്മിനൊപ്പം ചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. മുമ്പ്‌ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാരെ ലഭിച്ചിരുന്നുവെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ നാലു മന്ത്രിമാരും പരാജയമാണ്. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

ഇടുക്കി ജില്ലയിലെ പരാജയത്തിന് കാരണം ഭൂപ്രശ്‌നങ്ങളാണ്. ഇക്കാര്യത്തില്‍ റവന്യൂവകുപ്പിന് ഉത്തരവാദിത്വമുണ്ട്. കേരള കോണ്‍ഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവ് ഇടുക്കി ജില്ലയില്‍ ഗുണംചെയ്തില്ല. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തില്‍ പോലും മുന്നണിക്ക് കാര്യമായ വോട്ടുവര്‍ധനവുണ്ടായില്ല. പാലായില്‍ തോറ്റിട്ടുപോലും കേരള കോണ്‍ഗ്രസിന് അമിതപരിഗണന നല്‍കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അംഗങ്ങള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നുവെന്നും വിമ‍ര്‍ശനമുയര്‍ന്നു..

ജില്ലാ എക്‌സിക്യൂട്ടീവിന്റെ റിപ്പോര്‍ട്ടില്‍ മുന്നണി മാറ്റമെന്ന ആവശ്യമില്ല. എന്നാല്‍, ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ആവശ്യമുയർന്നത്. എന്നാലിത് സംസ്ഥാന കൗണ്‍സിലില്‍ അറിയിക്കാമെന്ന മറുപടിയാണ് ജില്ലാ സെക്രട്ടറി നല്‍കിയത്.

രാജ്യസഭാ സീറ്റ് പി.പി. സുനീറിന് നല്‍കിയതിലും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആനി രാജയെ പരിഗണിക്കേണ്ടിയിരുന്നുവെന്നാണ് യോഗത്തിലുയര്‍ന്ന ആവശ്യം. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സികെ ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.

Tags: CPIcpimLDF