ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും ആശ്രയമാണ് അനാഥാലയങ്ങൾ. നമ്മുടെ നാട്ടിൽ മനുഷ്യന് മാത്രമാണ് അനാഥാലയങ്ങളുള്ളത്. എന്നാൽ ആനകൾക്ക് അനാഥാലയമുള്ള ഒരു രാജ്യം ഉണ്ട്.. ശ്രീലങ്ക .മനുഷ്യര്‍ക്ക് മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ പ്രതീകമെന്ന് ലോകം വാഴ്ത്തിപ്പാടുന്ന ശ്രീലങ്കയിലെ പിന്നാവാല . എകദേശം നാല്പ്പത്തി അഞ്ച് കൊമ്പനും എഴുപതോളം, പിടിയാനകളും കുട്ടികളുമാണ് ഇവിടെയുള്ളത്. ഇരുപത്തഞ്ചേക്കറിൽ കൂടുതൽ സ്ഥലത്താണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന അനാഥാലയം എന്നു പറയാം ഇതിനെ. ഒറ്റപ്പെട്ടും അമ്മയില്ലാതെയും കാട് നഷ്ടപ്പെടുന്ന ആനകൾക്ക് സുരക്ഷിത താവളങ്ങളും നല്ല ഭക്ഷണവും നൽകി സുഖകരമായ ജീവിതവും അതിനൊപ്പം നല്ല സാഹചര്യങ്ങളും പ്രദാനം ചെയ്തു പോറ്റുക എന്ന മഹത്തരമായ ഒരു കാര്യത്തിനാണ് ശ്രീലങ്കൻ ഗവണ്മെന്റ് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ചങ്ങലക്കിലുക്കത്തിന്റെ അകമ്പടിയില്ലാതെ ആനയെക്കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ കുറവാണ് . ആനത്താവളം എന്നുകേട്ടാല്‍ കൂട്ടിയിട്ട പട്ടകള്‍ക്കും ആനപിണ്ഡത്തിന്റെ ചൂരിനുമിടയില്‍ ചങ്ങലയ്ക്കിട്ട ആനകളാണ് മനസ്സില്‍ ഓടിയെത്തുക. എന്നാൽ ആനകളെ ചങ്ങല കൊണ്ട് ബന്ധിക്കാതെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ് ഇവിടെ, അതു മാത്രമല്ല ഇത്രയും ആനകളെ നോക്കാനും കൊണ്ടു നടക്കാനും വെറും പത്തിൽ താഴെ ചട്ടക്കാർ മാത്രം. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്നും 90 കിലോമീറ്റർ അകലെ കെഗല്ലേ ജില്ലയിലെ പിന്നാവാല എന്ന ഗ്രാമത്തിലാണ് ആനകൾക്ക് വേണ്ടിയുള്ള ഈ അനാഥാലയം സ്ഥിതി ചെയ്യുന്നത്. മഹാ ഒയാ നദിക്കരയിലെ 25 ഏക്കർ തെങ്ങിൻതോപ്പാണ് ഇവിടെ ആനകളുടെ വസതി. 1972-ല്‍ സര്‍ക്കാര്‍ ഇത്തരമൊരു അനാഥാലയത്തിന് രൂപം നല്‍കുമ്പോള്‍ അമ്മമാരെ നഷ്ടപ്പെട്ട് കാട്ടില്‍ അലയുന്ന ആനക്കുഞ്ഞുങ്ങളുടെ മാത്രം സംരക്ഷണമായിരുന്നു ലക്ഷ്യം. പിന്നീട് ഒറ്റയെക്കെത്തുന്ന ആനകളെയും ഇവിടെത്തന്നെയുണ്ടായ കുഞ്ഞുങ്ങളുടെയും വളര്‍ത്തുകേന്ദ്രമായി അതുമാറി.
1978 ൽ ഇത് ദേശീയ ജന്തുശാസ്ത്ര വിഭാഗം ഏറ്റെടുക്കുകയും 1982 ൽ ആനകളെ പരിപാലിക്കുന്നതിനു മികച്ച രീതിയിലൊരു ക്രമം നടപ്പിലാക്കുകയും ചെയ്തു. ആനകൾക്ക് സ്വാഭാവിക രീതിയിലുള്ള ജീവിതശൈലിയും നല്ല ഭക്ഷണവും അന്നുതൊട്ടിന്നോളം നൽകി പോരുന്നു. നാല് അനാഥ ആനകുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങിയ യാത്രയിന്നു നൂറെണ്ണത്തിലും അധികമായിരിക്കുന്നു. കുളിക്കാനുള്ള സമയത്തിലും ആനക്കുട്ടികള്‍ക്ക് പാല്‍കൊടുക്കാനുള്ള സമയത്തിലും മാത്രമാണ് കടുത്ത നിഷ്‌കര്‍ഷയുള്ളത്. തികച്ചും അനുസരണയുള്ള കുട്ടികളെപ്പോലെ ഈ സമയം കൃത്യമായി പാലിക്കാന്‍ ഇവിടുത്തെ ആനകള്‍ക്കറിയാം.ഈ സ്ഥലത്തിന്റെ അതിര് കാടുതന്നെയാണ്. ഏറെ രസകരമാണ് ആനകളുടെ ദിനചര്യ. മഹാ ഒയാ നദിയിലെ കുളിയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. കാലത്തു മാത്രമല്ല വൈകുന്നേരത്തും ആനകൾക്ക് നീരാട്ട് പതിവാണ്. 76 കിലോഗ്രാമോളം ആനക്ക് ഭക്ഷിക്കാൻ കഴിയുന്ന പച്ചിലകളും രണ്ടു കിലോഗ്രാം അരിയുടെ തവിടും ചോളവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോഴകളും പിടിയാനകളും കുട്ടിയാനകളുമാണ് ഇവിടെ അധികവും. കൊമ്പനാനകൾ വളരെ കുറവാണ്. ഉള്ള കൊമ്പന്മാരെക്കൊണ്ട് ചെറിയ ജോലികൾ ചെയ്യിപ്പിക്കും. അതതു സമയത്ത് ശുശ്രൂഷകൾ ചെയ്യുന്നതുകൊണ്ട് മദംപൊട്ടലുകൾ കുറവാണ്. സന്നദ്ധപ്രവർത്തകരായി ആനകളെ പരിചരിക്കാൻ സന്മനസ്സുള്ള മൃഗഡോക്ടർമാർ പലസ്ഥലത്തുനിന്ന് ഇവിടെവന്നു ജോലിചെയ്യുന്നു. ആനകളുടെ വംശവർധനവിനായി ശാസ്ത്രീയമായ രീതിയിൽ പ്രജനനം നടത്തുകയും അതുവഴി ആനകുഞ്ഞുങ്ങളിവിടെ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായ രീതിയിൽ ഇണചേർന്ന് ആദ്യമായി ഇവിടെയൊരു ആനകുഞ്ഞുണ്ടാകുന്നത് 1984 ലാണ്. ഇന്നിപ്പോൾ മൂന്നു തലമുറ ആനകളാണ് ഈ ആന അനാഥാലയത്തിലെ അന്തേവാസികൾ. വളരെ ചെറിയ ആനകുഞ്ഞുങ്ങൾക്കു കുപ്പികളിലാക്കിയാണ് പാല് നൽകുന്നത്. ചെല്ലുന്ന സഞ്ചാരികളിൽ താല്പര്യമുള്ളവർക്കും ആനകുഞ്ഞുങ്ങൾക്കു കുപ്പിയിൽ പാല് നൽകാവുന്നതാണ്. പക്ഷേ,അധികൃതരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ അതിനനുവദിക്കുകയുള്ളു. ലോകത്തെല്ലായിടത്തു നിന്നും വലിയ അഭിനന്ദങ്ങളാണ് പിന്നാവാലയിലെ ഈ ആനകളുടെ അനാഥാലയത്തിനു ലഭിക്കുന്നത്