2026 മുതൽ 16 വർഷത്തേക്ക് ഹജ്ജ് സുഖകരമായ കാലാവസ്ഥയിലായിരിക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽക്കാല ഹജ്ജ് അടുത്ത വർഷം കൂടിയേയുണ്ടാവൂ. ശേഷം നീണ്ടകാലം വേനലിന് മുമ്പുള്ള നല്ല കാലാവസ്ഥയിലായിരിക്കും. 17 വർഷത്തിന് ശേഷമായിരിക്കും വീണ്ടും ഹജ്ജ് വേനൽക്കാലത്തെത്തുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
രാജ്യത്തെ കാലാവസ്ഥാ മാറ്റം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം. 2026 മുതൽ തുടർച്ചയായി എട്ടുവർഷം വസന്തകാലത്തിന്റെ തുടക്കത്തിലും തുടർന്നുള്ള എട്ടു വർഷം ശൈത്യകാലത്തിലുമായിരിക്കും. ഈ വർഷത്തെ ഹജ്ജ് സീസണിൽ രേഖപ്പെടുത്തിയ ശരാശരി താപനില 45 മുതൽ 47 വരെ ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷകനായ സൗദി ശൂറ കൗൺസിൽ അംഗം ഡോ. മൻസൂർ അൽ മസ്‌റൂയിയും 2026 മുതലുള്ള കാലാവസ്ഥ മാറ്റം ശരിവെച്ചു.
ഹിജ്‌റ 1454ൽ ആരംഭിക്കുന്ന വസന്തകാലം എട്ട് വർഷം നീണ്ട് 1461ൽ അവസാനിക്കും. പിന്നീട് ശൈത്യകാല ഹജ്ജ് സീസൺ 1462നും 1469നും ഇടയിലായിരിക്കും. 1470 ൽ ആയിരിക്കും വീണ്ടും വേനൽക്കാല ഹജ്ജ് സീസൺ കടന്നുവരികയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്ര വക്താവ് വ്യക്തമാക്കി.