ഖരീഫ് സീസണിന്റെ ഭാഗമായി നടക്കുന്ന സലാല ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. പതിവിൽനിന്ന് വ്യത്യസ്ഥമായി ഈ വർഷം 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങളും ഇതിനകം അധികൃതർ നടപ്പാക്കിയിട്ടുണ്ട്. പെരുന്നാൾ അവധിയായതിനാൽ സഞ്ചാരികൾ ഇവിടേക്ക് വരും ദിവസങ്ങളിൽ ഒഴുകും. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലേക്കും ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ വ്യാപിപ്പിക്കും.
അൽ മുറൂജ് തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ നടക്കും. ഇത്തീൻ സ്ക്വകയറിൽ സ്പോർട്സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.