കൊച്ചി: പന്തീരാങ്കാവിലെ ഗാർഹിക പീഡനക്കേസില്‍ മകളുടെയും ഭർത്താവിന്റെയും കാര്യത്തിൽ ഇനി ഇടപെടുന്നില്ലെന്നും പ്രായപൂർത്തിയായവർ എന്ന നിലയിൽ അവർക്കു കാര്യങ്ങൾ തീരുമാനിക്കാമെന്നും ഇരയായ യുവതിയുടെ പിതാവ്. മകളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും അതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മകൾക്ക് 26 വയസ്സായി. ആരുടെ കൂടെ, എവിടെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിൽ അഭിപ്രായം പറയുന്നില്ല. നിയമപരമായും എന്റെ അഭിപ്രായത്തിന് സാധുതയില്ല’’– പിതാവ് പറഞ്ഞു.
‘‘മകളുടെ ശരീരത്തിൽ ആ പാടുകളൊക്കെ നേരിട്ടു കണ്ടതാണ്. ആദ്യം കുളിമുറിയിൽ വീണതാണ് എന്ന് പറഞ്ഞ മകൾ തന്നെയാണ് പിന്നീട് മര്‍ദനമേറ്റതിന്റെയാണെന്ന് പറഞ്ഞത്. ആ പറഞ്ഞതിന്റെയും നേരിട്ട് കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി കൊടുത്തത്’’-പിതാവ് വ്യക്തമാക്കി.
മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ മകളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നാണു താൻ പറഞ്ഞതെന്നും എന്നാൽ അതിനു തയാറല്ല, തിരിച്ചു ഡൽഹിക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണു മകൾ പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി. അവർ എന്താണ് ചെയ്യേണ്ടത് എന്ന് അവർ തീരുമാനിക്കട്ടെ, താൻ ഇടപെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും യുവതി നൽകിയ സത്യവാങ്മൂലം കൂടി പരിഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഭാര്യയുമായി പ്രശ്നങ്ങളില്ലെന്നും ഇനി ഒന്നിച്ചു പോകണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിട്ടുണ്ട്. സര്‍ക്കാരിനെ കൂടാതെ പന്തീരാങ്കാവ് എസ്.എച്ച്.ഒ, പരാതിക്കാരി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
കേസില്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.
”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്. ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.