തിരുവനന്തപുരം: ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം മന്ത്രിയെ ഉടൻ പ്രഖ്യാപിക്കണോ എന്ന് സിപിഎം ഇന്നു തീരുമാനിക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം മന്ത്രിയെ തീരുമാനിച്ചാൽ മതിയെന്ന വാദവും പാർട്ടിക്കു മുന്നിലുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ആദ്യദിനം രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ പകരക്കാരനെ ഈ യോഗം തന്നെ തീരുമാനിക്കുമെന്ന സൂചനയാണുയർന്നത്.
മന്ത്രിയുടെ വകുപ്പുകൾ ഇന്നലെ മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുണ്ട്. രാധാകൃഷ്ണൻ ഒഴിഞ്ഞ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടെ മത്സരിച്ചു ജയിക്കുന്നയാളെ മന്ത്രിസഭയിലേക്കു പരിഗണിക്കുമെന്ന സൂചന നൽകാൻ തീരുമാനം നീട്ടിവയ്ക്കുക വഴി സാധിക്കും. എന്നാൽ അത്തരം സസ്പെൻസുകൾ ആവശ്യമില്ലെന്നു തീരുമാനിച്ചാൽ പകരക്കാരൻ ഉടൻ വരും.
സംസ്ഥാന കമ്മിറ്റിയുടെ രണ്ടാം ദിനമായ ഇന്നലെയും മന്ത്രിസഭയിലെ മാറ്റങ്ങൾ ചർച്ചയ്ക്കു വന്നില്ല. ഇന്നു ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മന്ത്രിസഭയിൽ വേറെയും മാറ്റം വേണോയെന്നും യോഗം തീരുമാനിക്കും. അതിനുള്ള സാധ്യത പാർട്ടി കേന്ദ്രങ്ങൾ നിഷേധിക്കുന്നു. രാധാകൃഷ്ണനു പകരക്കാരനെ ഉടൻ നിശ്ചയിച്ചാൽ സംസ്ഥാന കമ്മിറ്റി അംഗമായ ഒ.ആർ.കേളുവിനാണു മുൻതൂക്കം. കെ.ശാന്തകുമാരി, കെ.എം.സച്ചിൻദേവ്, പി.പി.സുമോദ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
ഇതിനിടെ കെ.പി.മോഹനനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ശക്തമായ സമ്മർദം ആർജെഡിയിൽ നിന്നുണ്ട്. രാജ്യസഭാംഗത്വം, ലോക്സഭാംഗത്വം, മന്ത്രിപദം ഇതു ഇതു മൂന്നും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു ലഭിക്കാത്ത ഏക ഘടകകക്ഷിയാണ് ആർജെഡി. എൽഡിഎഫ് ഘടകകക്ഷിയാണ് ആർജെഡി. എൽഡിഎഫ് ഘടകകക്ഷി അല്ലെങ്കിലും അഞ്ചാം വട്ടം എംഎൽഎ ആയിട്ടും പരിഗണിച്ചില്ലെന്ന പരാതിയുമായി കോവൂർ കുഞ്ഞുമോനും സിപിഎമ്മിനെ വീണ്ടും സമീപിച്ചു.