തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എണ്ണിയെണ്ണി അതിരൂക്ഷ വിമർശനം. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമര്‍ശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമര്‍ശനം ഉയര്‍ന്നു. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിര്‍ദേശങ്ങൾ വന്നു.
കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെ്, ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമർശവും സമിതിയിൽ ഉയര്‍ന്നു. എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജന് നേരെയും വിമർശനം ഉയര്‍ന്നു. ദല്ലാൾ ബന്ധം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിമര്‍ശനം. മേയര്‍- സച്ചിൻദേവ് വിവാദത്തിൽ കടുത്ത വിമര്‍ശനമാണ് സമിതിയിൽ ഉയര്‍ന്നത്. വിവാദം പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കി. പാർട്ടി ജില്ലാക്കമ്മിറ്റികളിലെ വിമർശനങ്ങൾ സംസ്ഥാന നേതൃത്വം പരിഗണിക്കണം. സർക്കാരിന്റെ നയപരമായ കാര്യങ്ങളിലും മുൻഗണനകളിലും മാറ്റം വേണമെന്നും ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ കുടിശികയാകുന്നതും സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ലാത്തതും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അംഗങ്ങൾ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുടെ പേരിൽ ധനവകുപ്പിനെതിരെയും വിമർശനം ഉന്നയിച്ചു. സംസ്ഥാന സമിതിയുടെ രണ്ടാം ദിനവും സർക്കാരിന്റെ പാളിച്ച അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ജനവിശ്വാസം തിരിച്ച് പിടിക്കാൻ അടിയന്തര ഇടപെടൽ വേണം. മുൻഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണം. ഈഴവ വോട്ടിൽ വൻതോതിൽ ചോർച്ച ഉണ്ടായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. വിവിധ വിഷയങ്ങളിൽ തെറ്റുതിരുത്തൽ മാർഗ്ഗരേഖ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയിലുയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചായിരിക്കും ഇത്.