മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും. മലപ്പുറം ജില്ലയിൽ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം.
അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ 7606 പേർ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിർത്തിയാലും 24,760 കുട്ടികൾ ഇനിയും അഡ്മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. പുതിയ ബാച്ചുകൾ വന്നില്ലെങ്കിൽ ഈ കുട്ടികളെല്ലാം പണം നൽകി പഠിക്കേണ്ടി വരും.
മലബാറിലെ സീറ്റ് ക്ഷാമത്തിൽ മൂന്നാം അലോട്ട്മെന്‍റിന് ശേഷം സ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചത്. സർക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്‍റെ പരിധിയിൽ വരാത്തതും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റുകൾ കൂടി ചേർത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയിൽ അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്മെന്‍റ് പുറത്തുവന്നപ്പോഴുള്ള കണക്കുകൾ.