കൊല്ലം : കുടുംബ കോടതിയിൽ നഷ്ടപ്പെട്ട സ്വർണത്തിനും പണത്തിനും വേണ്ടി നിരാലംബരായ സ്ത്രീകൾ ഫയൽ ചെയ്യേണ്ട കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനം കോടതി ഫീസ് അടക്കണമെന്നും ചെക്ക് പാസ്സാകാതെ തള്ളുന്ന കേസുകളിൽ ചെക്ക് തുകയുടെ അഞ്ചു ശതമാനം കോടതി ഫീസ് അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ കൊല്ലം ബാർ അസോസിയേഷൻ പ്രഖ്യാപിച്ച കോടതി ബഹിഷ്കരണ സമരം ജില്ലയിലെ മറ്റെല്ലാ ബാർ അസോസിസ്റയേഷനുകളും ഏറ്റെടുത്തു ബഹിഷ്കരണ സമരം നടത്തി. കുടുംബ കോടതി കേസുകളിൽ നാളിതു വരെ അമ്പതു രൂപയായിരുന്നു കോടതി ഫീസ്. ചെക്ക് കേസുകളിൽ കോടതി ഫീസ് വേണ്ടായിരുന്നു. യാതൊരു ആലോചനയുമില്ലാതെ സാമൂഹ്യ നീതി നിഷേധം കൂടിയായ ഫീസ് പരിഷ്കരണം മൂലം ഇരകൾക്ക് നീതി തേടി കൊടത്തോയെ സമീപിക്കാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്. കൊല്ലം ബാർ അസോസിയേഷൻ ഏപ്രിൽ മാസം നൽകിയ നിവേദനം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്നും മറുപടി കിട്ടിയെങ്കിലും ഇത്രയും ഗൗരവമായ വിഷയത്തിൽ ഇതുവരെ നടപടി ഉണ്ടായില്ല. പുതുക്കിയ ഫീസ് പിൻവലിക്കണമെന്നും വീണ്ടും വിവിധ കേസുകളിൽ കോടതി ഫീസ് വർദ്ധിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫീസ് വർദ്ധനവ് നടപ്പാക്കാൻ ഉദ്ദേശിച്ചു നിയമിച്ച ജസ്റ്റിസ് വി.കെ.മോഹനൻ സമിതി കേരളത്തിൽ സിറ്റിംഗ് തുടങ്ങുന്ന ഇന്ന് ബഹിഷ്ക്കരണ സമരം നടത്തിയത്. ക്രിമിനൽ കുറ്റം ചെയ്ത പ്രതിയെ ശിക്ഷിക്കാൻ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസ് കോടതിയിൽ ബോധിപ്പിക്കാൻ ഇത്രയും ഭീമമായ തുക കോടതി ഫീസ് അടക്കണമെന്ന് വരുന്നത് ക്രിമിനൽ കേസ് പ്രതികൾ നിയമ സംവിധാനത്തിൽ നിന്നും രക്ഷപ്പെടുന്നതിനു സാഹചര്യം ഒരുക്കും എന്ന് സമരത്തെ അഭിസംബോധന ചെയ്തു കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ പറഞ്ഞു. സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി, അഡ്വ. പി.സജീവ് ബാബു, അഡ്വ. ഫ്രാൻസിസ് ജൂഡ് നെറ്റോ, അഡ്വ. എ.കെ.മനോജ്, അഡ്വ. മരുത്തടി നവാസ്, അഡ്വ പ്രമോദ് പ്രസന്നൻ, അഡ്വ. മങ്ങാട് ഷൈജു, എന്നിവർ സമരം നയിച്ചു.