Ernakulam

റുപേ വേവ് ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്; യുപിഐ വഴിയും ഇടപാടുകള്‍ നടത്താം

കൊച്ചി: നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇടപാടുകാർക്ക്   യുപിഐ മുഖേന സൗകര്യപ്രദമായി ഇപാടുകള്‍ നടത്താമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങൾക്കും  ഫീച്ചറുകൾക്കുമൊപ്പം  യുപിഐ പേമെന്റിന്റെ സൗകര്യവും ഒന്നിച്ചു ലഭ്യമാക്കുന്ന ഈ സംവിധാനം ഡിജിറ്റല്‍ ഇടപാടുകൾ  കൂടുതല്‍ കാര്യക്ഷമമാക്കും. ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ  യുപിഐ ആപ്പുമായി ബന്ധിപ്പിച്ച് വേഗത്തിലുള്ളതും  സുരക്ഷിതവുമായ ഇടപാടുകള്‍ നടത്താം.

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാർക്ക്    മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്‌മൊബൈലിലെ കേവലം  രണ്ടു ക്ലിക്കുകളിലൂടെ പുതിയ കാർഡ് ലഭിക്കുന്നതാണ്. പ്രവേശന ഫീസോ വാര്‍ഷിക ഫീസോ ഇല്ല. കൂടാതെ വേവ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യ അഞ്ച് യുപിഐ ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്  ബാക്കും ലഭിക്കും. ഓരോ മൂന്നുമാസത്തിലും  ചെലവഴിക്കുന്ന 50,000 രൂപയ്ക്ക് 1000 ബോണസ് റിവാഡ് പോയിന്റും ലഭിക്കും. ഫെഡറല്‍ ബാങ്ക്  ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവർ  ആദ്യം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണം. തുടര്‍ന്ന് വേവ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പേമെന്റ് സംവിധാനമായ യുപിഐയുടെ സൗകര്യങ്ങൾ  പൂര്‍ണമായി ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത.  ലളിതമായ ഡിജിറ്റല്‍  നടപടികളിലൂടെ നിമിഷങ്ങള്‍ക്കകം തന്നെ  വിപണിയില്‍ ലഭ്യമായ ഏത് യുപിഐ ആപ് മുഖേനയും  ഈ കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാം. ഇതു സാധ്യമാക്കിയ എൻപിസിഐക്ക് നന്ദി അറിയിക്കുന്നു, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ലളിതമായ ഡിജിറ്റല്‍ സംവിധാനങ്ങളൊരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു പടിയാണ് ഫെഡറല്‍ ബാങ്കുമായുള്ള റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് സഹകരണമെന്ന് എൻപിസിഐ  ചീഫ് ഓപറേറ്റിങ് ഒഫീസര്‍ പ്രവീണ റായ് പറഞ്ഞു.