ചിക്കൻ വയ്ക്കുമ്പോൾ എന്നും ഒരേ രീതിയിലാണോ വെക്കുന്നത്? എന്നാൽ ഇത്തവണ ഒന്ന് മാറ്റിപിടിച്ചാലോ? കിടിലൻ ടെസ്റ്റിൽ ഒരു കൊറിയൻ ചിക്കൻ വിങ്സ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ വിങ്സ് വൃത്തിയാക്കിയത്- 800 ഗ്രാം,
- വെളുത്തുള്ളിപ്പൊടി- 1ടീസ്പൂൺ
- ഉള്ളിപ്പൊടി- 1ടീസ്പൂൺ
- മുളകുപൊടി- 1ടീസ്പൂൺ
- പാപ്രിക- 1ടീസ്പൂൺ
- മൈദ- അരക്കപ്പ്
- കോൺഫ്ലോർ- അരക്കപ്പ്
- ചില്ലി സോസ് -3 ടീസ്പൂൺ
- തക്കാളി സോസ്- 2 ടീസ്പൂൺ
- സോയ സോസ്- 2 ടീസ്പൂൺ
- തേൻ/പഞ്ചസാര- 1 ടീസ്പൂൺ
- വെളുത്തുള്ളി അല്ലി -3 എണ്ണം
- ഇഞ്ചി, ചെറുതായി അരിഞ്ഞത് -1 ടേബിൾസ്പൂൺ എണ്ണ ആവശ്യത്തിന്,
- ഉപ്പ് ആവശ്യത്തിന്, വറുത്ത എള്ള് ആവശ്യത്തിന്
- സ്പ്രിങ് ഒനിയൻ അരിഞ്ഞത്- 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ വെളുത്തുള്ളിപ്പൊടി, ഉള്ളിപ്പൊടി, പാപ്രിക, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് ചിക്കൻ ഇട്ടശേഷം നന്നായി ഇളക്കിയെടുക്കണം. മാരിനേറ്റ് ചെയ്ത ചിക്കൻ 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. ഒരു പാത്രത്തിൽ മൈദയും കോൺഫ്ലോറും കലക്കി മാറ്റിവെക്കുക. പാനിൽ എണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ വിങ് മൈദ മിശ്രിതത്തിൽ മുക്കി ശ്രദ്ധാപൂർവം ഇട്ടുകൊടുക്കുക.
ചിക്കൻ സ്വർണ നിറമാകുന്നത് വരെ വറുത്തെടുക്കുക. ഒരു സോസ് പാനിൽ, ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ്, തേൻ, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നിവ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഇടത്തരം തീയിൽ കട്ടിയാകുന്നതുവരെ വേവിക്കുക. ശേഷം വറുത്ത ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം. വറുത്ത എള്ള്, അരിഞ്ഞ സ്പ്രിങ് ഒനിയൻ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചൂടോടെ കഴിക്കാം.