100 കോടിയുടെ വെള്ളം കുടിച്ച് കേരളവും കുടിപ്പിച്ച് വൻകിട കമ്പനികളും വ്യാജന്മാരും.വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. മനുഷ്യ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും ആവശ്യമായ ഒരു ഘടകം കൂടിയാണ് ജലം. പ്രകൃതിയിൽ 3 ൽ 2 ഭാഗവും വെള്ളമാണ് .ജനതയുടെ ആരോഗ്യവും ,രാഷ്ട്ര പുരോഗതിയും ജലത്തിന്റെ ലഭ്യത അനുസരിച്ച് വ്യത്യാസപ്പെടുന്നു . ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ, ജലത്തിന്റെ വിവേക പൂർവമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികം ആക്കിയവരും ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു.പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വെള്ളം ഇന്നൊരു കച്ചവട വസ്തുവായി മാറിയിരിക്കുന്നു. അതും കോടികളുടെ.
സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കാര്യമായി നടക്കുന്നത്. എന്നാൽ,കേരളം ഇത്തവണ വേനൽ ചൂടിൽ കുടിച്ചത് 100 കോടിയുടെ കുപ്പി വെള്ളം,2023 ജനുവരി മുതൽ ജൂൺ വരെയാണ്.
ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും, വിൽപ്പന ഉയർത്തി. ഉത്സവങ്ങളും എല്ലാം കൂടി കേരളത്തെ നന്നായി വെള്ളം കുടിപ്പിച്ചു തുടങ്ങി.
ചൂട് കൂടുന്നത്തിനനുസരിച്ച് ശുദ്ധ ജലത്തിന്റെ ലഭ്യത കുറഞ്ഞു വന്നു ഇതോടെ ജനങ്ങൾ കുപ്പിവെള്ളത്തെ ആശ്രയിച്ചു തുടങ്ങി. ദിവസം ലക്ഷങ്ങളുടെ വിൽപ്പനയാണ് നടക്കുന്നത്.
ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഇതിലും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.കേരളത്തിന്റെ വെള്ളം കുടി കണ്ട് വൻകിട കമ്പനികളും സ്വദേശികളും കൂടുതൽ വെള്ളം വിപണിയിലേക്കെതിക്കാൻ ഇറങ്ങിയതോടെ കച്ചവടം തകൃതിയായി.
കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ദിവസം ഒരു ലിറ്ററിന്റെ, ഏകദേശം 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്നാണ് ഇപ്പോഴത്തെ കണക്ക്.
പ്രധാനമായും നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായാണ് വില്‍പ്പന.
ചില ദിവസങ്ങളിൽ വില്പന ഉയരും.സാധാരണ 1ലിറ്റർ വെള്ളത്തിന്റെ വില 20ആണെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഘലാ കുപ്പിവെള്ള ബ്രാൻഡായ “ഹില്ലി ആക്വ” യ്ക്ക് ലിറ്ററിന് 15 രൂപയാണ്.
അര ലിറ്റർ മുതൽ വെള്ളം വില്പനയ്ക്കുണ്ട്. എന്നാൽ ഇത് കൂടുതലും വിവാഹം പോലുള്ള സ്വകാര്യ പരിപാടികളിലാണ് ചിലവാക്കുന്നത്.
കേരളത്തിൽ 270 ഓളം വരുന്ന കുപ്പി വെള്ള നിർമാണ യൂണിറ്റുകളുണ്ട്.20ലിറ്റർ വെള്ളത്തിന്റെ ജാറിനും ആവശ്യക്കാർ കൂടുതലാണ് വീടുകളിലും ഓഫീസുകളുമാണ് ആവശ്യക്കാർ.
ദിവസം 20000 ലിറ്റർ വെള്ളത്തിന്റെ ജാറാണ് എറണാകുളത്ത് മാത്രം വിൽക്കുന്നത്. ഇത് കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിലും 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യകാരുണ്ട്.
നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം വെള്ളത്തിന്റെ വിൽപ്പന കൂടുതൽ.ഇതിനു പിറകെ വെള്ളത്തിന്റെ വിൽപ്പനയറിഞ്ഞ് വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്.
വെള്ളം നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 17 തരം ലൈസൻസാണ് വേണ്ടത്. കൂടാതെ ലാബ് സൗകര്യങ്ങളടക്കം പ്ലാന്റിൽ ആവശ്യമായുണ്ട്. വെള്ളത്തിനായി ഉപയോഗിക്കുന്ന കുപ്പിയും ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ആയിരിക്കണം. ഇത്തരം കുപ്പികളിൽ ബാച്ച് നമ്പർ, വെള്ളത്തിന്റെ കാലാവധി തുടങ്ങി വിവിധ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.
ഇത്തരം വിവരങ്ങൾ ഒന്നും തന്നെയില്ലാതെ കുപ്പികളിൽ വെള്ളം നിറച്ചുകൊടുക്കാൻ മാത്രം ലൈസൻസുള്ളവർ കുപ്പിവെള്ളം അനധികൃതമായി സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഒരു സുരക്ഷയും ഇല്ലാതെയാണ് ഇത്തരം വിൽപ്പന.
ലൈസൻസ് ഇല്ലാതെ കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുപ്പിവെള്ള നിർമാതാക്കൾ അറിയിച്ചു.