Kerala

എടോ ഗോപാലകൃഷ്ണാ!!, പാവം പട്ടികജാതി പിള്ളാരുടെ വിദേശ പഠനം മുടക്കാന്‍ നോക്കുന്നോ?; വകുപ്പു മന്ത്രി പറഞ്ഞാലും കേള്‍ക്കാത്ത ധാര്‍ഷ്ട്യമോ?(എക്‌സ്‌ക്ലൂസിവ്)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍, എടോ ഗോപാലകൃഷ്ണാ!! താന്‍ പട്ടികജാതി വികസന വകുപ്പിന്റെ ഡയറക്ടറായിരിക്കുന്നത് ആ വിഭാഗത്തില്‍പ്പെട്ടവരെ സഹായിക്കാനാണോ അതോ അവരെ ദ്രോഹിക്കാനോ?. സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക എന്ന മാന്യതയെങ്കിലും ആകാമായിരുന്നു. പക്ഷെ, ഗോപാലകൃഷ്ണന്‍ നിരന്തരം ദ്രോഹിക്കുകയാണെന്ന് പരാതി പറയുകയാണ് 30 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍. അരപ്പട്ടിണിയില്‍ ജീവിക്കുന്ന കുടുംബങ്ങളിലെ, നല്ല പഠിക്കുന്ന കുട്ടികള്‍ ഉപരിപഠനത്തിനായി വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടി പോകുന്നുണ്ട്.

കുട്ടികളുടെ നല്ല ഭാവിയെ ഓര്‍ത്ത്, മാതാപിതാക്കള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും, കടവും കാവലും വാങ്ങിയും അവരെ പഠിപ്പിക്കാന്‍ തയ്യാറാകുന്നു. ഇങ്ങനെ തയ്യാറാകുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വിദേശത്തേക്ക് ഉപരിപഠനത്തിന് യോഗ്യരാകുന്ന പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് 25 ലക്ഷം രൂപ വരെയാണ് ആനുകൂല്യം. ഇത് സംസ്ഥാന പട്ടിജാതി വികസന ഡയറക്ട്രേറ്റ് വഴിയാണ് വിതരണം ചെയ്യുന്നത്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ പടിക്കാന്‍ സെലക്ടാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം വലിയൊരു ആശ്വാസമാണ്.

എന്നാല്‍, ഈ ആനുകൂല്യത്തിനായി ഒരു വര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ച്, ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടും ഇതുവരെ പണം അനുവദിക്കാതിരിക്കുകയാണ് പട്ടികജാതി വികസന ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍. മക്കളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്നു ഭയന്ന് ആനുകൂല്യം ലഭിക്കാനായി 30 പട്ടികജാതി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഇപ്പോഴും തിരുവനന്തപുരത്തെ ഓഫീസില്‍ കയറിയിറങ്ങുകയാണ്. പട്ടികജാതിക്കാരായവര്‍ക്ക് അവരുടെ വകുപ്പില്‍ നിന്നും നേരിടുന്ന അവഗണന വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് മന്ത്രി ഓഫീസില്‍ നിന്നും നന്ദാവനത്തുള്ള പട്ടികജാതി വികസന ഓഫീസില്‍ നിര്‍ദ്ദേശവും നല്‍കി. മന്ത്രിയുടെ ഓഫീസില്‍ നിന്നും ക്വറിയും ഇട്ടു, കത്തും നല്‍കി.

എന്നിട്ടും, ആനുകൂല്യം നല്‍കാന്‍ ഡയറക്ടര്‍ തയ്യാറായില്ല. ജോലി ചെയ്തിട്ട് കൂലി വാങ്ങാന്‍ തമ്പ്രാന്റെ മുമ്പില്‍ ‘റാന്‍’ മൂളി നില്‍ക്കേണ്ടി വന്നിരുന്ന കാലത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഡയറക്ടറുടെ ഇടപെടല്‍. എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ്, ഡയറക്ടറുടെ മേശയില്‍ എത്തിയ (കമ്പ്യൂട്ടറില്‍) ഫയലില്‍ ഒപ്പിട്ടാല്‍ (ഒരു ക്ലിക്ക് ചെയ്താല്‍) 30 വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം ലഭ്യമാകുമെന്നിരിക്കെയാണ് ഡയറക്ടര്‍ ഈ നിഷേധാത്മക നിലപാട് എടുക്കുന്നത്. ഫയല്‍ ഡയറക്ടറുടെ മേശയില്‍ എത്തിയിട്ടുണ്ടെന്ന് പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥരാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ കാലഘട്ടത്തിലും പട്ടികജാതിക്കാരെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നു ഉറപ്പിക്കുന്ന വിധത്തിലാണ് വിഷയത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.അനുവദിക്കുന്ന പണം അപേക്ഷകർക്ക് ഗഡുക്കളായി മാത്രമേ നൽകുകയുള്ളൂ.  ഇക്കഴിഞ്ഞ മെയ് മാസത്തിൽ കേന്ദ്ര ഫണ്ട്‌ എത്തിയെങ്കിലും ആനുകൂല്യം റിലീസ് ചെയ്യാന്‍ ഡയറക്ടര്‍ സ്ഥലത്തില്ല എന്ന ന്യായമാണ് വകുപ്പില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കും, ഡയറക്ടര്‍ ഡെല്‍ഹിയിലുമായിരുന്നു. എല്ലാം കഴിഞ്ഞ് ഡയറക്ടര്‍ തിരിച്ച് റീ ജോയിന്റ് ചെയ്തിട്ടും ഫണ്ട് മാത്രം നല്‍കാന്‍ തയ്യാറാകുന്നില്ല.

‘കോരന് കുമ്പിളില്‍ തന്നെയാണ് കഞ്ഞി’ എന്നപോലെ പട്ടികജാതിക്കാരനെ ഡയറക്ടര്‍ ചക്രശ്വാസം വലിപ്പിക്കുകയാണ്. 2023 ജൂണില്‍ കൊടുത്ത അപേക്ഷയില്‍ ഡയറക്ടര്‍ അടയിരുന്നത്, ഒരു വര്‍ഷത്തോളമാണെന്ന് മനസ്സിലാക്കുമ്പോഴാണ് പട്ടികജാതിക്കാരന്റെ ഈ കാലഘട്ടത്തിലെയും ഗതികേട് വെളിവാകുന്നത്. ഇപ്പോള്‍ പട്ടികജാതി വികസന വകുപ്പിലെ ഫോണില്‍ വിളിച്ചാല്‍ ആരെയും കിട്ടില്ല. ഓഫീസ് ടൈമില്‍ ഫോണ്‍റിസീവര്‍ എടുത്തു മാറ്റി വെച്ചിരിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ അര്‍ഹതയുള്ളത് കൊടുക്കാതിരിക്കാനും, പട്ടികജാതിക്കാരെ നെട്ടോട്ടം ഓടിക്കുന്നതുമാണ് പുതിയകാലത്തിലെ തമ്പ്രാക്കന്‍മാരുടെ ജാതി വിവേചനം. പട്ടികജാതിക്കാരന്റെ മക്കള്‍ അങ്ങനെ വിദേശ യൂണിവേഴ്‌സിറ്റിയിലൊന്നും പോയി പഠിച്ച് മിടുക്കനാവണ്ട എന്ന മാടമ്പി നിലപാട്.

പട്ടികജാതിക്കാര്‍ക്ക് വെറുതേ പണം നല്‍കുന്നതോ, നക്കാപ്പിച്ച വാങ്ങാന്‍ കൈ നീട്ടി നില്‍ക്കുന്നതോ അല്ല. ആനുകൂല്യം ലഭിക്കണമെങ്കില്‍ വിദേശത്തേക്കു പോകുന്ന ഫ്‌ളൈറ്റ് ടിക്കറ്റ്, അവിടെ ചേരുന്ന യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വിവരങ്ങള്‍, അഡ്മിഷന്‍ നേടിയതിന്റെ രേഖകള്‍, ഹോസ്റ്റലില്‍ ചേര്‍ന്നതിന്റെ വിവരങ്ങള്‍(ഫോട്ടോ അടക്കം) എന്നിവയും സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ, എടുത്ത കോഴ്‌സിന്റെയും, ചേര്‍ന്ന യൂണിവേഴ്‌സിറ്റിയുടെയും, പഠിക്കുന്ന സബ്ജക്ടിന്റെയും അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കൂ. അതും ഓരോ വര്‍ഷത്തിലാണ് അനുവദിക്കുക. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പട്ടിക വിഭാഗങ്ങള്‍ക്ക് എങ്ങനെ നല്‍കാതിരിക്കാം എന്ന ഗൂഢാലോചന സംസ്ഥാനത്ത് നടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പട്ടികജാതി വികസന വകുപ്പില്‍ നടക്കുന്നത്.