ശൈഖ് സായിദ് ഫാൽക്കൺ റിലീസ് പദ്ധതിയുടെ ഭാഗമായി 63 ഫാൽക്കണുകളെക്കൂടി കസാഖ്സ്താൻ വനമേഖലയിലേക്ക് തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ 38 പെരഗ്രൈൻ ഫാൽക്കണുകളും 25 സാക്കെർ ഫാൽക്കണുകളും ഉൾപ്പെടുന്നു. റഷ്യ, ചൈന, മംഗോളിയ എന്നിവിടങ്ങളിലേക്കും ഇവയെ തുറന്നുവിടുന്നുണ്ട്.
പദ്ധതിയുടെ ‘റിട്ടേൺ ടു നേച്ചർ’ സംരംഭത്തിലൂടെ കഴിഞ്ഞ 30 വർഷത്തിനിടെ 2,274 ഫാൽക്കണുകളെ ഇത്തരത്തിൽ തുറന്നുവിട്ടിട്ടുണ്ട്. 1995-ൽ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് പദ്ധതി ആരംഭിച്ചത്.സമഗ്രമായ വൈദ്യപരിശോധനകൾക്കുശേഷം ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ചാണ് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചയയ്ക്കുന്നത്.
അതിജീവനനിരക്ക്, സഞ്ചാരപാത എന്നിവ മനസിലാക്കാനാണ് ചിപ്പുകൾ ഘടിപ്പിക്കുന്നത്. വന്യജീവിസംരക്ഷണത്തിനായി യു.എ.ഇ. വലിയ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് അബുദാബി പരിസ്ഥിതി ഏജൻസിയുടെയും (ഇ.എ.ഡി.) ഇന്റർനാഷണൽ ഫണ്ട് ഫോർ ഹൂബറ കൺസർവേഷന്റെയും വൈസ് ചെയർമാനായ മുഹമ്മദ് അഹമ്മദ് അൽ ബൊവർധി പറഞ്ഞു.