Kerala

ക്ഷേമ പെന്‍ഷന്‍: യു.ഡി.എഫിന്റെ കാലത്തെ കുടിശികയും കൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് ധനമന്ത്രി

പതിനെട്ടു മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഇട്ടുക്കൊണ്ടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ഈ കുടിശ്ശിക വിതരണം ചെയ്തത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. തുടര്‍ന്ന് പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തി. എന്നാല്‍ നിലവില്‍ അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. കേന്ദ്രവിഹിതങ്ങളിലും ഗ്രാന്റുകളിലും വരുത്തിയ വന്‍ വെട്ടിക്കുറവ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രയാസങ്ങളാണ് ഈ കുടിശ്ശികയ്ക്ക് കാരണമെന്നും പി.സി. വിഷ്ണുനാഥ് നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടിയെന്നോണം ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

താല്‍ക്കാലിക കടമെടുത്തായാലും പ്രതിമാസം പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിരുന്ന ക്ഷേമ പെന്‍ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനവും സ്തംഭിപ്പിക്കാന്‍ കേന്ദ്രം ഇടപെട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തോട് കാട്ടിയ ഈ അനീതികള്‍ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു ഇവിടുത്തെ പ്രതിപക്ഷവും. എന്നിട്ടാണ് ഇപ്പോള്‍ പെന്‍ഷന്‍കാരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിനൊപ്പം പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാബല്യത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തില്‍ നാല് ഗഡു പെന്‍ഷന്‍ വിതരണം ചെയ്തുകഴിഞ്ഞു. മാര്‍ച്ചില്‍ ഒരു ഗഡുവും ഏപ്രിലില്‍ രണ്ട് ഗഡുവും മെയ് മാസം ഒരു ഗഡുവും നല്‍കി. അടുത്ത ദിവസങ്ങളില്‍ ഒരു ഗഡുകൂടി വിതരണം തുടങ്ങുകയാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷമായിരുന്നെങ്കില്‍ ഇന്നത് 62 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 2016-ല്‍ 272 കോടി രൂപയായിരുന്ന പ്രതിമാസ പെന്‍ഷഷന്‍ ചെലവ് ഇന്ന് 900 കോടിയായും ഉയര്‍ന്നു. 5 വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ തുക 9,311 കോടി രൂപയായിരുന്നെങ്കില്‍, ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രുപ വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ 2024 മെയ് വരെ 27,278 കോടി രൂപയാണ് നല്‍കിയത്. ഈ നിലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 50,000 കോടി രൂപയെങ്കിലും പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് നീക്കിവയ്ക്കപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. ക്ഷേമനിധി ബോര്‍ഡുകള്‍വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ വേറെയുമുണ്ട്.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ തികച്ചും വ്യാജ പ്രചരണം നടത്തുകയാണ് പ്രതിപക്ഷം. യു.ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുമ്പ് പലര്‍ക്കും രണ്ടു പെന്‍ഷന്‍ ലഭിച്ചിരുന്നു, ഇപ്പോള്‍ അത് നിഷേധിക്കുന്നു എന്നതാണ് ഒരാക്ഷേപം. എന്നാല്‍ 2017ന് മുമ്പ് രണ്ട് പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക്  നിലവിലും രണ്ട് പെന്‍ഷന്‍ തന്നെ ലഭിക്കുന്നുണ്ട്. മറിച്ചുള്ള ആരോപണം തെറ്റാണ്. കശുവണ്ടിതൊഴിലാളി പെന്‍ഷന്‍, ക്ഷീരകര്‍ഷക പെന്‍ഷന്‍, കയര്‍തൊഴിലാളി പെന്‍ഷന്‍, കന്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ 16 ക്ഷേമനിധി പദ്ധതികളിലെ ആറ് ലക്ഷത്തോളം പേര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷനും സര്‍ക്കാരാണ് നല്‍കുന്നത്. ഇതും പ്രതിമാസം 1600 രൂപ നിരക്കില്‍ അനുവദിക്കുന്നു. സാമൂഹ്യസുരക്ഷാ പെന്‍ഷിനോടൊപ്പം തന്നെ ക്ഷേമനിധി പെന്‍ഷനും വിതരണം ചെയ്യുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നാല് ഗഡു വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്ഷേമനിധി പെന്‍ഷനുകള്‍ ഒരു വര്‍ഷം  കുടിശ്ശികയാണെന്ന വ്യാജ പ്രചരണത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

യു.ഡി.എഫ് ഭരണക്കാലത്ത് ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ അനര്‍ഹരെ തിരുകിക്കയറ്റുന്നുവെന്ന പരാതി വ്യാപകമായിരുന്നു. 2015ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച് നിശിതമായ വിമര്‍ശനം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹായ ആളുകളെ ഒഴിവാക്കി, അര്‍ഹല്‍രായ കൂടുതല്‍ ആളുകളിലേയ്ക്ക് പെന്‍ഷെന്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഘട്ടങ്ങളിലായി 1200 രൂപയായി വര്‍ധിപ്പിച്ചുവെന്നാണ് ഒരു അവകാശവാദം. വളരെക്കുറിച്ച് ഗുണഭോക്താക്കള്‍ മാത്രമുള്ള 80 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ മാത്രമാണ് ഉയര്‍ത്തിയത്. അതിനുതാഴെയുള്ള മഹാഭൂരിപക്ഷം പേര്‍ക്കും നിരക്ക് 800രൂപ മാത്രമായിരുന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 600 രുപയും അവിവാഹിത പെന്‍ഷനും വിധവാ പെന്‍ഷനും 800 രൂപ മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്കനുസരിച്ചുള്ള പെന്‍ഷനന്‍ ആ സര്‍ക്കാരിന്റെ കാലത്ത് ഗുണഭോക്താക്കള്‍ക്ക്  ലഭിച്ചിരുന്നില്ല.

സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് പൊഴിക്കുന്നത് മുതലക്കണ്ണീരാണ്. യുഡിഎഫ് ഭരിച്ചിരുന്ന കാലത്തെല്ലാം ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചിരുന്നത് അവഗണന മാത്രമായിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ 96 മാസം കൊണ്ട് ഇതിനകം വിതരണം ചെയ്തത് 109 മാസത്തെ ക്ഷേമ പെന്‍ഷനാണ്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കിയിരുന്നു. 2016 ഫെബ്രുവരി 2 ന് നിയമസഭയില്‍ നല്‍കിയ നക്ഷത്രചിഹ്നമിടാത്ത ചോദ്യം 1717ന് നല്‍കിയ മറുപടിയില്‍ 1397.7 കോടി രൂപ പെന്‍ഷന്‍ കുടിശ്ശികയുണ്ടെന്ന് നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളതാണ്. ഈ കുടിശ്ശികകളെല്ലാം പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാരാണ് തീര്‍ത്ത് നല്‍കിയത്. അന്ന് പെന്‍ഷന്‍ നിഷേധിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

അതിനായി നിയമസഭയെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സവിശേഷവും മുന്‍മാതൃകകള്‍ ഇല്ലാത്തതുമായ ഒരു പ്രത്യേക കാലത്തിലൂടെയാണ് നമ്മുടെ സാമ്പത്തിക രംഗം കടന്നുപോകുന്നത്. ഒരു വശത്ത് തനത് വരുമാനം വര്‍ധിക്കുമ്പോഴും കേന്ദ്ര വിഹിതങ്ങളിലും ഗ്രാന്റുകളിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. ഇത് സംസ്ഥാനത്തെ വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നു. ഈ സാമ്പത്തിക ബുദ്ധിമുട്ടികള്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് സര്‍ക്കാനര്‍ അത്യധ്വാനം ചെയ്യുന്നത്. ചെലവുകള്‍ വെട്ടിച്ചുരുക്കുവാനോ, വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിവിന്റെ പരമാവധി എല്ലാവരിലേക്കും പണവും സഹായവും എത്തിക്കാന്‍ പരിശ്രമിക്കുകയാണ്. എങ്കിലും ചില മേഖലകളില്‍ സഹായങ്ങള്‍ പുര്‍ണതോതില്‍ എത്തിയില്ലായെന്നത് വസ്തുതയാണ്.

അതും പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. കുടിശ്ശികയില്ലാതെ പ്രതിമാസ ക്ഷേമപെന്‍ഷന്‍ വിതരണം ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രവിഹിതങ്ങളിലും ഗ്രാന്റുകളിലും വരുത്തിയ വലിയ വെട്ടിക്കുറവാണ് കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തുനങ്ങള്‍ പ്രയാസത്തിലാക്കുന്നത് എന്നതില്‍ ആര്‍ക്കും മറിച്ചൊരുഭിപ്രായമില്ല. കേന്ദ്രത്തിന്റെ ഈ നിലപാട് തിരുത്തിക്കാന്‍ കേരളം ഒരുമിച്ച് സമരം ചെയ്യണം എന്ന പൊതു ആവശ്യത്തെ നിരാകരിക്കുകയായിരുന്നു പ്രതിപക്ഷം. അത് നിങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയെങ്കിലും നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം തികച്ചും വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.