മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റിൽ നികുതി ഇളവ് എന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചേക്കും. ആദായനികുതി ദായകർ ഇത് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനം ആയിരിക്കും. 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത് ആണ് റിപ്പോർട്ട്. ഇതിനുപുറമേ നികുതി ഈടാക്കുന്നതിനുള്ള വരുമാനപരിധി മൂന്നുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും എന്നും വാർത്തകൾ പുറത്തുവരുന്നു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമാണ് ഈ മാറ്റങ്ങൾ ബാധകമാകൂ എന്നും സൂചനയുണ്ട്.
2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ മൂന്നാം വാരത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി തന്റെ തുടർച്ചയായ ഏഴാം ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2024-2025 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
നികുതിദായകരുടെ മേലുള്ള ഭാരം ലഘൂകരിക്കാനും ഉപഭോഗം ഉത്തേജിപ്പിക്കാനും ഇളവ് സഹായിക്കും. സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ മുൻഗണനകൾ, വരുമാന പരിഗണനകൾ, രാഷ്ട്രീയ ഘടകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ആശ്രയിച്ചായിരിക്കും ആദായനികുതി ഇളവ് പരിധിയിൽ മാറ്റം വരുത്തുക. പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നതിന് നികുതിദായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ, 80 സിയിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. പണപ്പെരുപ്പ നിരക്ക് ഉയരുന്നുണ്ടെങ്കിലും 2014 മുതൽ സെക്ഷൻ 80 സി പരിധി മാറ്റമില്ലാതെ തുടരുകയാണ്.