മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ പിടികൂടി വിജിലൻസ്. തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് പിടിയിലായത്.
നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസിൽ വരുന്നുണ്ട്. എന്നാൽ 52000 രൂപ നൽകിയാൽ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനിൽ രാജിൻ്റെ മറുപടി. കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും കേൾക്കാൻ ഉദ്യോഗസ്ഥനും തയാറായില്ല.
വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും സുനിൽരാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലൻസിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനിൽരാജിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.