കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് ആയിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.
പിന്നീട് 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു.
കേരളാ കർണാടക അതിർത്തിയിൽ തലക്കാവേരി Wild life sanctuary ക്കു സമീപത്താണ് ഈ ചെറിയ ഗ്രാമം ഉള്ളത് , അവിടെയാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഉള്ളത്. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്.
കടൽപരപ്പിൽ നിന്നും 1043 മീറ്റർ ഉയരത്തിൽ മേഘങ്ങളെ തലോടാനെന്നവണ്ണം പച്ചപ്പട്ടുടുത്ത ഒരു പ്രദേശം.
കാസറഗോഡ് നിന്നും നമ്മുടെ സ്വന്തം ആനവണ്ടിയുടെ കൂട്ടും കൂടി ഏകദേശം 58 കിലോ മീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും റാണിപുരത്തിന്റെ വന്യതയിലേക്ക് എത്താൻ. ആദ്യം കാഞ്ഞങ്ങാട് എത്തണം. പിന്നെ അവിടെ നിന്നും റാണിപുരത്തേക്കുള്ള ബസ് കിട്ടും.
നഗരത്തിന്റേതായ തിക്കും തിരക്കും ഒഴിഞ്ഞുള്ള പൂർണമായോരു ഗ്രാമാന്തരീക്ഷമാണ് ഈ യാത്രയിൽ കാത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മണിവരെ മാത്രമേ റാണിപുരത്തിന്റെ കവാടം സഞ്ചാരികൾക്കായി തുറന്നുനൽകുകയുള്ളൂ. അതുകൊണ്ട് തന്നെ അതിരാവിലെ 8 മണിമുതൽ സഞ്ചാരികൾക്ക് അവളെ കാണാം, സമയം ചിലവഴിക്കാം.
കാസർഗോഡിന്റെ കാറ്റും കാസർഗോഡുകാരുടെ തനതായ സംസാരശൈലിയും കൂടെയാകുമ്പോ യാത്രയ്ക്ക് കുറച്ചുകൂടെ മാറ്റേറും. സപ്തഭാഷാ സംഗംമഭൂമിയുടെ മലയാളമല്ലേ… പറയുന്നത് വലിയ വലിയ മരങ്ങളോടും മരച്ചില്ലകളിലെ കുഞ്ഞികിളികളോടും മനസ്സുകൊണ്ട് കിന്നാരം പറഞ്ഞ് പറഞ്ഞ് സഹയാത്രികർക്കൊപ്പം ഞാനും കൂടി. ധാരാളം വേഴാമ്പലുകളെ അവിടെ കാണാനായി.
പ്രകൃതിയുടെ പരിലാളനയിൽ വഴിയരികിലെ മരങ്ങളിലെല്ലാം ധാരാളം ഓർക്കിഡുകൾ. കൂടാതെ പൂത്തുലഞ്ഞ ധാരാളം മരങ്ങൾ, പലതരത്തിലും നിറത്തിലുമുള്ള പൂക്കൾ.
ആരേയോ ആനയിക്കാനെന്നപോലെ ചെറുവഴികളും റോഡുമെല്ലാം പൂമെത്തവിരിച്ചിരിക്കുന്നു. ഇവിടെയിറങ്ങി കുറച്ചുദൂരമെങ്കിലും കാറ്റിനോട് സൊറപറഞ്ഞ് നടക്കണമെന്ന് ഒക്കെ തോന്നിയേക്കാം പക്ഷേ അതിലും സുന്ദരിയായ റാണിപുരം നമ്മളെ കാത്തിരിക്കുന്നുണ്ടാകും.
ടിക്കറ്റ് കൗണ്ടർ തുറക്കുന്നതിനുമുൻപുതന്നെ റാണിപുരത്തെത്തി.. വളരേ മനോഹരമായും വൃത്തിയോടെയും പരിപാലിക്കുന്നവർക്കിരിക്കട്ടേ ഒരു സല്യൂട്ട്. പെട്ടന്നാണ് എന്തോ ഞരങ്ങുന്നതായി തോന്നിയത്..ഇരുതലയൻ പാമ്പിൻകുഞ്ഞ്. “ അതിനെയൊന്നും ചെയ്യല്ലേ “ എന്നും വിളിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അഭിമാനം തോന്നി.. വനപാലകർ..
പ്രവേശനകവാടത്തിനരികിൽ നിന്നും ഒരു കട്ടൻ പാസ്സാക്കി.. കുറച്ചുനേരം പരിസരമൊക്കെ നോക്കിനിന്നു. അതിനുശേഷം റാണിപുരത്തിനെ പ്രണയിക്കാൻ അവളിലേക്ക്.
പ്രവേശിക്കുന്നതിനു മുൻപ് ചെറിയൊരു പരിശോധനയുണ്ട്. Plastic ന് NO ENTRY. അൽപം മുന്നേ മഴപെയ്തിരുന്നതുകൊണ്ട് അൽപം വഴുക്കലുള്ള ചെറുവഴിയെ പതിയെ കുന്നിൻ മുകളിലേക്ക്. ഇടതൂർന്ന മരങ്ങളുള്ള കാടാണെന്ന് തോന്നിപ്പോകും. വ്യത്യസ്തതരം മരങ്ങൾ, ചെടികൾ, വള്ളിപ്പടർപ്പുകൾ, പലതരം കായകൾ, ഓരോ മരങ്ങൾക്കും അവയുടെ പേരെഴുതിയ മാലചാർത്തിയിട്ടുള്ളതുകൊണ്ട് മരങ്ങളെയൊക്കെ പരിചയപ്പെടാം. പതിയേ പതിയേ കുന്നിൻചെരുവിലേക്ക്. ചെറുവഴികളാണ്…. നല്ല ചെമ്മണ്ണ്, കാടിനുമാത്രം സ്വന്തമായ നിശ്ശബ്ദതയും തണുപ്പും തണലും..കുറേ കാരക്കകൾ നിലത്തുകിടപ്പുണ്ട്.. സാമാന്യം വലിപ്പമേറിയവയാണ്, ഒരെണ്ണം ഞാനുമെടുത്തു.. അപ്പോഴാണ് കാറ്റിനൊപ്പം നൃത്തംവയ്ക്കാൻ കുറേ അപ്പൂപ്പൻതാടികളും പറന്നെത്തിയത്.
വലിയ ഒച്ചയൊന്നുമുണ്ടാക്കാതെ പതിയെ സൊറപറഞ്ഞ് സാവകാശം ഒഴുകുന്നൊരു തേനരുവിയും ഉണ്ട്. അൽപം ചെളിപറ്റിയാലും സാരമില്ല… ഈ അരുവിയിൽ കളിച്ചില്ലെങ്കിലുണ്ടാകുന്ന നഷ്ടബോ ധം എനിക്കുവേണ്ടേ…എന്നും പറഞ്ഞ് കുറച്ചുനേരം ഞാനാഅരുവിയോടു കൂട്ടുകൂടി. എന്താ തണുപ്പ്…
വെറുതേയൊന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് മനോഹരമായ ആകാശത്തെ പുണർന്നു നിൽക്കുന്ന കുന്നിൻപുറത്തേയും കണ്ടത്. Windows wallpaper കൺമുന്നിൽ On ആയപോലെ. ചെറിയവെയിലുമുണ്ട്. ഈ വെയിലിനിത്തിരി കുസൃതി കൂടുതലുണ്ടല്ലോ…ഞാൻ വിയർക്കുന്നുണ്ടായിരുന്നു.. പരിഭവമൊന്നും വേണ്ട കുഞ്ഞേ എന്ന് പറഞ്ഞുകൊണ്ട് കുളിർതെന്നലും വെയിലിനു പിന്നാലെയെത്തി.
കുന്നിൻമുകളിൽ ചെറിയൊരു പീടികയുണ്ട്. സർബത്തും നാരങ്ങാമിഠായിയും കപ്പലണ്ടിമുഠായിയൊക്കെ കിട്ടും. ഞാനും മേടിച്ചു.. ആ കാറ്റത്ത് ആകാശം നോക്കി ഒരു സർബത്ത്..ആഹാ അന്തസ്സ്..
ഇനിയാണ് View Point. മരങ്ങളെല്ലാം വഴിമാറി..പാറക്കൂട്ടങ്ങളും പുൽത്തടികളും. ഞാനൊരു പാറപ്പുറത്തിരിക്കാൻ കാത്തുനിന്നതുപോലെ ഞാനൊന്നിരുന്നതും ചാറ്റൽ മഴയിങ്ങെത്തി.. അവളെയൊന്ന് സ്വാഗതം ചെയ്യുന്നതിനുമുമ്പേ റാണിപുരത്തിന്റെ കോടയും… ഹാ… ഒരു സഞ്ചാരിയെ പ്രകൃതി മാറോടുചേർക്കുന്ന് ഇങ്ങനെയാണ്.. അവളുടെ സൌന്ദര്യത്താൽ വാരിപ്പുണരും… എന്റെ ഹൃദയം നിറഞ്ഞു… നനു നനുത്ത കോട…കണ്ണും പൂട്ടി നിന്നു… ചാറ്റൽ മഴ വല്ലാതെ നൃത്തം വയ്ക്കാൻ തുടങ്ങി.. തണുപ്പിന്റെ കാഠിന്യം കൂടുന്നുണ്ട്… ഞാൻ വിറയ്ക്കുന്നുണ്ടോയെന്നൊരു സംശയം… കണ്ണുംപൂട്ടി നിന്നു. എനിക്കു കൂട്ടായി വെള്ളിമേഘങ്ങളെത്തി.. സൂര്യകിരണങ്ങളുമായി…
കോടയേയും മഴയേയും വേദനിപ്പിക്കാതെ എന്നെ മാറോട് ചേർത്ത് അവ എനിക്ക് ഇളം ചൂടേകി, സാക്ഷാൽ റാണിപുരം. ഈ സ്പന്ദനത്തോടലിഞ്ഞു ചേരാൻ ഞാൻ വീണ്ടും വരുമെന്ന ഉറപ്പുനൽകിക്കൊണ്ട് ഇപ്പോഴേക്ക് വിട പറയട്ടേ..