ജ്യോതിശാസ്ത്ര കണക്കുകളനുസരിച്ച്, ഖത്തറിൽ വേനൽക്കാലത്തിന് ഇന്ന് തുടക്കമായി. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഇന്നായിരിക്കും. ഇതിനോടകം തന്നെ ചിലയിടങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യത്തോടെ താപനില 48 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് വിലയിരുത്തൽ.
പൊതുജനങ്ങൾ ചൂടിനെ നേരിടാൻ കൃത്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട്ടികളെ കാറുകളിൽ തനിച്ചാക്കരുത്, തുറന്ന സ്ഥലങ്ങളിൽ ഉച്ച സമയത്ത് ജോലി ചെയ്യരുത്, തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ പങ്കുവെച്ചത്.
ഈ മാസം തുടക്കം മുതൽ തന്നെ ഖത്തറിൽ ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക സ്‌ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്.