മലപ്പുറം: നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ച് കലാശിച്ചത് സംഘർഷത്തിൽ. മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതെയോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസ്സിന്റെ അച്ചാരം വാങ്ങുന്ന പൊലീസുകാർ ഇത് മനസ്സിലാക്കണം. നിങ്ങൾ കിടന്നുറങ്ങുന്ന കൂരകളൊന്നും അമ്പിളിമാമനിൽ അല്ല എന്നായിരുന്നു എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സലിന്റെ പ്രതികരണം. സമാധാനപരമായി നടത്തിയ മാർച്ചിനോട് പൊലീസ് മോശമായാണ് പെരുമാറിയത്. പ്രതിഷേധങ്ങളെ കയ്യേറ്റം ചെയ്യുന്നത് ഇടതുപക്ഷ സർക്കാരിന്റെ നയമല്ല. അത് മറികടന്നാണ് പൊലീസ് പെരുമാറുന്നതെങ്കിൽ അതിന്റെ രീതിയിൽ നേരിടും. അഫ്സലിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൂടി ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില്‍ പുറത്ത് വരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയതായി വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പരീക്ഷയ്ക്ക് തലേദിവസം ചോദ്യപേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. ആകെ 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ക്രമക്കേട് ആരോപണം ഉയർന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി രംഗത്തുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധമാണ് നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടക്കുന്നത്.