ന്യൂഡൽഹി: ഇന്ത്യൻ മരുന്നിന്റെ വില്പനയ്ക്കും വിതരണത്തിനും നേപ്പാളിൽ നിരോധനം. ബയോടാക്സ് 2 ഗ്രാം എന്ന ആൻറിബയോട്ടിക് നേപ്പാളിലെ ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡി ലബോറട്ടറികളിൽ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. പിന്നാലെ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി നേപ്പാൾ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ആന്റിബയോട്ടിക് വിൽപ്പനയും വിതരണവും ആണ് താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ത്യൻ സ്ഥാപനമായ സൈഡസ് ഹെൽത്ത് കെയർ ലിമിറ്റഡ് ആണ് ഈ കുത്തിവെപ്പ് മരുന്ന് നിർമ്മിച്ചിരിക്കുന്നത്.
ലാബ് റിസൾട്ട് പ്രകാരം ആന്റിബയോട്ടിക്ക് ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും നേപ്പാളിലെ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. മസ്തിഷ്കം, ശ്വാസകോശം, ചെവി, ചർമ്മം, മൂത്രനാളം, രക്തം, എല്ലുകൾ, സന്ധികൾ, മൃദു കോശങ്ങൾ എന്നിവയെ ബാധിക്കുന്ന ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിബയോട്ടിക്കാണ് ബയോടാക്സ് 1 ഗ്രാം ഇഞ്ചക്ഷൻ.
ഇഞ്ചക്ഷൻ്റെ വിൽപന താൽക്കാലികമായി നിർത്തിവച്ചത് രോഗികളുടെ ചികിത്സയെ ബാധിക്കില്ലെന്ന് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സക്കായി അതേ ഘടനയിലുള്ളതും എന്നാൽ മറ്റ് കമ്പനികൾ നിർമ്മിച്ചതുമായ കുത്തിവയ്പ്പുകൾ വിപണിയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി വക്താവ് അറിയിച്ചു.