കൊച്ചി : ഇടുക്കി ജില്ല കലക്ടറെ മാറ്റാൻ ഹൈക്കോടതിയുടെ അനുമതി.സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഷീബ ജോർജിനെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ തീരുമാനമെടുത്തിരുന്നുവെങ്കിലും കോടതി തടഞ്ഞിരുന്നു. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ഉൾപ്പടെയുള്ളവക്ക് നേതൃത്വം കൊടുത്തിരുന്നത് കല്കടറായിരുന്നു. അതിനാൽ കലക്ടറെ മാറ്റരുതെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൈകോടതിയുടെ തീരുമാനം.
മൂന്നാറിലെ ഒഴിപ്പിക്കൽ, ഇടുക്കിയിലെ കയ്യേറ്റം, പട്ടയ പ്രശ്നങ്ങള്‍ ഇവയിൽ ഗുരുതരമായ ആശങ്കയുണ്ടെന്നു ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കാര്യമായ പുരോഗതി ഇക്കാര്യങ്ങളിൽ ഉണ്ടായിട്ടില്ല. പട്ടയം കാത്ത് കഴിയുന്ന നിരവധി പേര്‍ ഇടുക്കി ജില്ലയിലുണ്ട്. പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും കയ്യേറ്റം തടയുകയും ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
മൂന്നാർ കയ്യേറ്റം, പട്ടയ വിതരണ സംബന്ധിച്ച് കഴിഞ്ഞ ദിവസവും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങൾ പരിശോധിക്കാൻ സ്പെഷൽ ഓഫിസറെ നിയമിക്കണമെന്നും ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാത്തതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പനും അടങ്ങിയ ബെഞ്ച് നിർദേശിച്ചു. പട്ടയവിതരണം സംബന്ധിച്ചും പട്ടയത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും സ്പെഷൽ ഓഫിസറെ നിയോഗിക്കണമെന്ന കാര്യം കോടതി ആവർത്തിച്ചു.