അന്നും ഇന്നും പറഞ്ഞത് “പാഴ്‌വാക്കോ?”: KSRTC ജീവനക്കാര്‍ക്ക് വീണ്ടും ആ പഴയ ഉറപ്പ്; നടക്കുമോ ഇപ്പോഴെങ്കിലും ?

ശമ്പളം ഒറ്റത്തവണയായി നല്‍കും എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അതിരില്ലാതെ സന്തോഷിക്കേണ്ടതിനു പകരം ഇന്നലെ നടന്ന യോഗം കഴിഞ്ഞപ്പോള്‍ മുതല്‍ ജീവനക്കാരെല്ലാം ഭീതിയിലാണ്. ഒറ്റത്തവണയായി ശമ്പളം എപ്പോള്‍ തരുമെന്നു മാത്രം പറയാതെ പിരിഞ്ഞ ചര്‍ച്ചയും, മുന്‍ വര്‍ഷങ്ങളില്‍ ഇതേ തീരുമാനം പറഞ്ഞ് ജീവനക്കാരെ വെറുതേ മോഹിപ്പിച്ച മുഖ്യമന്ത്രിയുമല്ലേ, എങ്ങനെ ഭയപ്പെടാതിരിക്കും. ഇപ്പോള്‍ രണ്ടു ഗഡുക്കളായി കിട്ടുന്ന ശമ്പളം ഒറ്റ ഗഡുവാക്കിയാല്‍, അത് എന്നു കിട്ടുമെന്നതില്‍ കടുത്ത ആശങ്കയുണ്ട്. രണ്ടു ഗഡുവില്‍ ആദ്യ ഗഡു ശമ്പളം നല്‍കുന്നത്, സര്‍ക്കാര്‍ സഹായത്തിലും, രണ്ടാം ഗഡു കെ.എസ്.ആര്‍.ടി.സിയുടെ തനതു വരുമാനത്തില്‍ നിന്നുമാണ്. ഈ സംവിധാനം മാറ്റി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

ധനമന്ത്രി കെ.എന്‍. ബാലഗോപാലും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍, ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ.എസ്.ആര്‍.ടി.സി എം.ഡി പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് 2024 ജൂണ്‍ഡ 20ന് നടന്ന യോഗം.

ഇനി 2022 മേയില്‍ നടന്ന ഒരു യോഗത്തിന്റെ വിവരങ്ങള്‍ കൂടി പങ്കുവെയ്ക്കുമ്പോഴാണ് ‘ചങ്കരന്‍ ഇപ്പോഴും തെങ്ങില്‍ത്തന്നെ’ എന്ന് മനസ്സിലാകുന്നത്. അന്നത്തെ യോഗത്തിന്റെ ഔദ്യോഗക സര്‍ക്കാര്‍ വിശദീകരണം ഇങ്ങനെ.

“കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പായി കൊടുത്തുതീര്‍ക്കാനും മറ്റ് ആശങ്കകള്‍ പരിഹരിക്കാനും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങള്‍ ഇവയാണ്. ജീവനക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള നിലവിലെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പ് കൊടുത്തുതീര്‍ക്കും. എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കി.

ഇപ്പോള്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുള്ള ദിവസ വേതനക്കാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരെ പുനര്‍ വിന്യസിക്കും. ഇത് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് താത്ക്കാലിക മെക്കാനിക്കല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള ബാറ്റ, ഇന്‍സെന്റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം നല്‍കും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കും. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പുതുക്കിയ വര്‍ക്ക് നോംസ് ഘട്ടം ഘട്ടമായി നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ യൂണിയന്‍ പ്രതിനിധികള്‍ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച പരിഹാര നിര്‍ദ്ദേശങ്ങളെയും അവര്‍ സ്വാഗതം ചെയ്തു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേ സമയം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.”

ഇതാണ് മുഖ്യമന്ത്രിയുടെ അന്നത്തെ ഇടപെടല്‍. അതുകഴിഞ്ഞ് 25 മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു യോഗം വിളിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഒരുമിച്ചു നല്‍കുന്നതിനുള്ള തീരുമാനമെടുക്കുന്നു. ഇതുപോലെ കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തിലെ ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വാര്‍ഷിക യോഗം ചേരാറുണ്ടോ ?. രണ്ടു ഗഡുവായി ശമ്പളം നല്‍കുന്ന ഏതെങ്കിലും സ്ഥാപനമുണ്ടോ (സര്‍ക്കാര്‍ സഹായം കൊണ്ട് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളായാലും, സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളായാലും). പഴയ മന്ത്രി ആന്‍രണി രാജുവിന്റെ കാലത്ത് നടത്തിയ മീറ്റിംഗിന്റെ തീരുമാനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടന്നിട്ടുണ്ടോയെന്ന് കുറഞ്ഞ പക്ഷം പരിശോധിക്കുകയെങ്കിലും ചെയ്യണമായിരുന്നു.

ആദ്യ മീറ്റിംഗ് കഴിഞ്ഞ് 25 മാസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നരകിക്കുകയായിരുന്നു, ശാരീരികമായും മാനസികമായും (പണിയെടുത്ത് ശാരീരികമായും, ശമ്പളവും ആനുകൂല്യങ്ങളു നല്‍കാതെ മാനസികമായും). അതിനു ശേഷമുള്ള ഈ മീറ്റിംഗ് കഴിയുമ്പോള്‍ വരാനിരിക്കുന്ന മാസങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ഭീതി സ്വാഭാവികമായും ജീവനക്കാരെ വീണ്ടും മാനസികമായി അലട്ടുന്നുണ്ട്.