മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് ലഡ്ഡു. കടലമാവ് ഉപയോഗിച്ചാണ് സാധാരണരീതിയിൽ ലഡ്ഡു തയ്യാറാക്കുന്നത്. എന്നാൽ എളുപ്പത്തിൽ ഗോതമ്പു പൊടി കൊണ്ടും രുചികരമായ ലഡ്ഡു തയാറാക്കാം. അത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ഗോതമ്പു പൊടി – ഒന്നര കപ്പ്
റവ – കാൽ കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്ക – 4
ഉരുക്കിയ നെയ്യ് – മുക്കാൽ കപ്പ്
നട്സ് – അര കപ്പ്
തയാറാക്കുന്ന വിധം
ഇഷ്ടമുള്ള ഏതു നട്സ് വേണമെങ്കിലും ഈ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കാം. കപ്പലണ്ടി മാത്രമോ, പലതരത്തിലുള്ള നട്സ് മിക്സ് ചെയ്തോ ഉപയോഗിക്കാം. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നട്ട്സ് എണ്ണ ചേർക്കാതെ 5 മിനിറ്റ് വറുത്തെടുക്കുക. ചൂടാറുമ്പോൾ മിക്സിയിലിട്ടു ചതച്ചെടുക്കുക.
പഞ്ചസാരയും ഏലയ്ക്കയും കൂടി പൊടിച്ചു മാറ്റി വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും ഗോതമ്പ് പൊടിയും റവയും കൂടി നന്നായി യോജിപ്പിക്കുക. ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കുക. 15 മുതൽ 20 മിനിറ്റ് ആകുമ്പോഴേക്കും ഗോതമ്പുപൊടി നന്നായി മൂത്ത് ഇളം ബ്രൗൺ നിറം ആയി നെയ്യ് തെളിഞ്ഞു വരും. തീ ഓഫ് ചെയ്ത ശേഷം ചതച്ചുവച്ച നട്സ് ചേർത്തു യോജിപ്പിക്കുക.
ചൂടാറാൻ വേണ്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക.
ഗോതമ്പ് പൊടി മിശ്രിതം ചെറു ചൂടിൽ എത്തുമ്പോൾ പൊടിച്ച പഞ്ചസാര ചേർത്തു നന്നായി യോജിപ്പിക്കുക. കയ്യിൽ അല്പം നെയ്യ് മയം പുരട്ടിയശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. രുചികരമായ ലഡ്ഡു തയ്യാർ.