ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിലും (നീറ്റ് യുജി) കോളേജ് അധ്യാപക നിയമന യോഗ്യത പരീക്ഷയായ നെറ്റിലും ( യുജിസി നെറ്റ് ) ഗുരുതരമായ ക്രമക്കേട് നടന്നത് അത്യന്തം ആശങ്ക ഉണ്ടാക്കുന്നതാണെന്നതിനാല്‍ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പണയം വെച്ചുള്ള വന്‍ തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ സമഗ്രമായി അന്വേഷിക്കണമെന്നും എ.കെ.പി.സി.ടി.എ ആവശ്യപ്പെട്ടു. ആസൂത്രിതമായ ഈ തട്ടിപ്പ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെയും സുതാര്യതയെയും ചോദ്യം ചെയ്യുന്നവയാണ്. നിര്‍ണായക പ്രാധാന്യമുള്ള പരീക്ഷകളുടെ നടത്തിപ്പിലെ ക്രമക്കേടുകളിലൂടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും മൂല്യനിര്‍ണയ രീതിയിലുമുള്ള പോരായ്മകളാണ് പുറത്തുവന്നത്. പരീക്ഷാ ക്രമക്കേടുകളില്‍ ഭാഗഭാക്കായിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ധാര്‍മ്മികമായ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കണമെന്നും എ.കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.
നെറ്റ് പരീക്ഷയെ കാവി വല്‍ക്കരിക്കാനുള്ള ശ്രമം കൂടി ഇതിനിടയില്‍ നടന്നു. അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന തീയ്യതി ഏതെന്ന തരം അന്വേഷണങ്ങളായിനെറ്റ് പരീക്ഷകളിലെ ചോദ്യത്തെ മാറ്റിത്തീര്‍ക്കുന്നതിലൂടെ ഔദ്യോഗികമായ സംവിധാനങ്ങളിലൂടെ വര്‍ഗ്ഗീയ പ്രചാരണം അഴിച്ചു വിടുകയാണ് കേന്ദ്രസര്‍ക്കാര്‍. അതേ സമയം ബാബറി മസ്ജിദ് പൊളിച്ച് ഇന്ത്യന്‍ മതനിരപേക്ഷതയെ തകര്‍ത്ത ചരിത്രത്തിലെ അധ്യായം പാഠപുസ്തകങ്ങളില്‍ നിന്ന് തന്നെ ഇല്ലാതാക്കുകയും ചെയ്തു.
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ തയ്യാറാക്കുന്ന ലക്ഷത്തില്‍ ഒരു ചോദ്യപേപ്പറിലെ ചെറിയ ഒരു ആവര്‍ത്തനത്തെ പോലും പര്‍വ്വതീകരിച്ച് സര്‍ക്കാരിനെതിരെ ജന വികാരം ഉണ്ടാക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്നവരുടെ ഈ വിഷയങ്ങളിലുള്ള തികഞ്ഞ മൗനം പരിഹാസ്യമാണെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് എ നിശാന്തും ജനറല്‍ സെക്രട്ടറി ഡോ. കെ. ബിജുകുമാറും പറഞ്ഞു. ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുവാന്‍ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി അധ്യാപക സമൂഹത്തോട് ആഹ്വാനം ചെയ്തു.