ബ്രേക്ക്ഫാസ്റ്റിന് ഇടിയപ്പം കഴിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? മുട്ടയും കടലയും വെജിറ്റബിൾ കുറുമയും ഒക്കെ ഇടിയപ്പത്തിന് ബെസ്റ്റ് കോമ്പിനേഷനാണ്. പക്ഷേ തേങ്ങാപ്പാൽ കൂട്ടി കഴിക്കാനാണ് എനിക്കിഷ്ടം. ചൂട് വെള്ളത്തിൽ ഇടിയപ്പം കുഴച്ചെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നിങ്ങളുടെ വീട്ടിൽ അമ്മമാർ ഇടിയപ്പം ഉണ്ടാക്കി തരാറില്ല അല്ലേ.. കൈ പൊള്ളാതെ കുഴച്ചു മടുക്കാതെ എങ്ങനെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കാം എന്ന് നോക്കിയാലോ…
ചേരുവകൾ
അരിപ്പൊടി– ഒരു കപ്പ്
വെള്ളം–ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ– 2 ടീസ്പൂൺ
തയാറാക്കുന്നവിധം
ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവിൽ തന്നെ പച്ചവെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കികൊടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ച് വെള്ളം പോലെയെടുക്കാം. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഈ അരച്ചതും ചേർത്ത് ഗ്യാസിലേക്ക് വയ്ക്കാം. തീ കുറച്ച് വച്ച് ഇളക്കി കൊടുക്കണം.
വെളിച്ചെണ്ണയും ചേർക്കണം. വെള്ളം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിന് ആക്കിയെടുക്കാം. തീ ഓഫ് ചെയ്ത് വയ്ക്കാം. ചൂട് മാറിയതിനുശേഷം സേവനാഴിയിൽ മാവ് ചേർത്ത് ഇടിയപ്പം പിഴിഞ്ഞെടുക്കാം. ഇഡ്ഡലി തട്ടിൽ തേങ്ങ തിരുമ്മിയതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുക്കാം. കൈ പൊള്ളാതെ വളരെ എളുപ്പത്തിൽ മാവ് കുഴച്ച് നല്ല മയമുള്ള ഇടിയപ്പം തയാറാക്കാം.