ഹജ്ജ് പൂർത്തിയാക്കി ഇമാറാത്തി ഹാജിമാർ രാജ്യത്ത് തിരിച്ചെത്തിത്തുടങ്ങി. ദുബൈയിലും ഷാർജയിലും കഴിഞ്ഞദിവസം തിരിച്ചെത്തിയ ഹാജിമാർക്ക് പ്രത്യേകം സ്വീകരണം അധികൃതർ ഒരുക്കിയിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്മാനങ്ങൾ നൽകികൊണ്ടാണ് ഹാജിമാരെ വരവേറ്റത്. ലഗേജുകൾ സ്വീകരിക്കാനെത്തിയ ഹാജിമാർക്കാണ് സമ്മാനപ്പൊതികൾ ലഭ്യമാക്കിയത്.
‘ഹാജിമാർക്ക് യു.എ.ഇയുടെ സ്വാഗതം’ എന്നെഴുതിയ പൊതികൾ കൈയിലെടുത്ത് സന്തോഷത്തോടെ മടങ്ങുന്ന തീർഥാടകരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഷാർജയിൽ വിമാനത്താവള ജീവനക്കാർ തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയും അറബ് പരമ്പരാഗത രീതിയിൽ സ്വീകരിക്കുകയും ചെയ്തു.
















